ഹീറോ എക്‌സ്പള്‍സ് മോട്ടോര്‍ സൈക്കിളിനായി റാലി കിറ്റ് അവതരിപ്പിച്ചു. 200 സിസി മോട്ടോര്‍ സൈക്കിളിനെ കൂടുതല്‍ ‘ഓഫ്‌റോഡ് റെഡി’ ആക്കാന്‍ സഹായിക്കുന്ന നിരവധി ആക്‌സസറികള്‍ ഉള്‍പ്പെടുന്നതാണ് ഈ റാലി കിറ്റ്.

2019ല്‍ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ എക്‌സിബിഷനിൽ അവതരിപ്പിച്ച റാലി കിറ്റ് ആണ് 38,000 രൂപയ്ക്ക് ഹീറോ മോട്ടോകോർപ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതുതായി 98,500 എക്‌സ്-ഷോറൂം വില നൽകി എക്‌സ്പൾസ്‌ വാങ്ങി അതിന് മുകളിലാണ് 38,000 രൂപ ചിലവഴിക്കേണ്ടത്. അതായത് റാലി കിറ്റുള്ള എക്‌സ്പൾസിന്റെ എക്‌സ് ഷോറൂം വില ഏകദേശം 1.30 ലക്ഷം രൂപ. അതേസമയം ഇതിനകം എക്‌സ്പൾസ്‌ സ്വന്തമാക്കിയവർക്കും കിറ്റ് കൂട്ടിച്ചേർക്കാം.

മാക്‌സിസ് ഓഫ്‌റോഡ് ടയറുകള്‍, കൂടുതല്‍ ട്രാവല്‍ ചെയ്യുന്നതും ക്രമീകരിക്കാവുന്നതുമായ സസ്‌പെന്‍ഷന്‍, ഉയരമേറിയ സീറ്റ്, ഹാന്‍ഡില്‍ബാര്‍ റൈസറുകള്‍, വലിയ ഫൂട്ട്‌റെസ്റ്റുകള്‍, വലിയ റിയര്‍ സ്‌പ്രോക്കറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് റാലി കിറ്റ്. ഹീറോയുടെ ഇന്ത്യയിലെ ജയ്പ്പൂരിൽ പ്രവർത്തിക്കുന്ന റിസർച് ആൻഡ് ഡെവലപ്മെന്റ് ഹബ്ബിൽ ആണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

മുഴുവന്‍ കിറ്റ് വേണമെന്നില്ലെങ്കില്‍ ആക്‌സസറികള്‍ ഓരോന്നായി വാങ്ങാനും ഹീറോ മോട്ടോകോര്‍പ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.