ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. നിലവിലെ കണക്കനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ.

അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്. 2020 നവംബർ മാസത്തിൽ ഹിമാലയന്‍റെ 1,550 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 793 യൂണിറ്റുകളെ അപേക്ഷിച്ച് വൻകുതിച്ചുചാട്ടമാണ് ഹിമലായന്‍റെ വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നത്.  95 ശതമാനത്തോളമാണ് വിൽപ്പനയിൽ വർധനയുണ്ടായത്. ഈ മാസത്തിൽ ഒരു റോയൽ‌ എൻ‌ഫീൽ‌ഡ് ബൈക്ക് കൈവരിച്ച ഏറ്റവും ഉയർന്ന വളർച്ചയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

411 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയിൽ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടു കൂടിയുള്ള SOHC എഞ്ചിനാണ് റോയല്‍ എൻഫീൽഡ് ഹിമാലയന്‍റെ ഹൃദയം. ഇത് 24.3 bhp കരുത്തിൽ 32 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതാണ്.

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ഹിമാലനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹസാർഡ് ലൈറ്റ്, പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ്, സ്വിച്ചബിൾ എബിഎസ് എന്നിവയും വാഹനത്തിലുണ്ട്.

ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് 2020 ജനുവരയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബിഎസ്6 പതിപ്പിനൊപ്പം ബൈക്കിന് നിരവധി പുതിയ സവിഷശേഷതകളും നല്‍കിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഹിമാലയൻ‌ ബിഎസ്6 പതിപ്പ് മൊത്തം ആറ് നിറങ്ങളിൽ‌ ലഭ്യമാണ്.  നിലവിലുള്ള ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിങ്ങനെ റൈഡര്‍മാരെ ആകര്‍ഷിക്കും വിധത്തിലുള്ള രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഹിമാലയന്‍ സ്വന്തമാക്കാം.

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‍കരിച്ച എൻജിനാണ് 2020 ഹിമാലയന്റ ഹൈലൈറ്റ്. വിപണിയിലുണ്ടായിരുന്ന ബിഎസ്4 ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിൻ തന്നെ പരിഷ്കാരങ്ങൾക്കു വിധേയമായാണ് 2020 ഹിമാലയന്‍ എത്തുന്നത്.  

ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിലേക്ക് (എബിഎസ്) വേഗത്തില്‍ മാറാനാകുമെന്നതാണ് വാഹനത്തിന്റെ പുതിയ സവിശേഷത. റീയര്‍ വീലില്‍ നിന്നും ബ്രേക്കിംഗ് വാഹനം സ്ലൈഡ് ചെയ്‍തു കൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മാറ്റാനുമാകും. ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനിൽ റോയൽ എൻഫീൽഡ് ഇണക്കി ചേർത്തിട്ടുണ്ട്. ദുർഘടം പിടിച്ച റൈഡുകളിൽ ബൈക്കിനെ കൂടുതൽ കാര്യക്ഷമമായി ഓടിക്കുന്ന വ്യക്തിക്ക് നിയന്ത്രിക്കാൻ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും.

ഹിമാലയനെ അടുത്തിടെ അമേരിക്ക ഉള്‍പ്പെടെയുള്ള വിപണികളിലേക്കും റോയല്‍ എന്‍ഫീല്‍ഡ് കയറ്റുമതി ചെയ്‍തിരുന്നു.