ഹോണ്ട കാർസ് ഇന്ത്യ 200,000 കാറുകൾ കയറ്റുമതി ചെയ്ത് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഹോണ്ട സിറ്റി, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളാണ് ഈ നേട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത്. 

ന്ത്യയിൽ നിന്ന് ഇതുവരെ 200,000 കാറുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം കമ്പനിയുടെ ആഗോള നിലവാരം, ഇന്ത്യൻ നിർമ്മാണ ശേഷി, മെയ്ക്ക്-ഇൻ-ഇന്ത്യ സംരംഭത്തിന്റെ വിജയം എന്നിവ പ്രകടമാക്കുന്നു. ഹോണ്ട കാറുകൾ 33 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2021 ൽ 50,000 യൂണിറ്റുകളുടെ ആദ്യ സെറ്റോടെയാണ് ഹോണ്ട ഇന്ത്യയിൽ നിന്ന് ചെറിയ അളവിൽ സാർക്ക് രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, എസ്എഡിസി രാജ്യങ്ങൾ എന്നിവയിലേക്ക് കയറ്റുമതി ആരംഭിച്ചത്. ഏകദേശം രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിച്ച ഹോണ്ട മോഡലുകളുടെ അടുത്ത 50,000 യൂണിറ്റുകൾ പുറത്തിറക്കി. ജനപ്രിയ ഹോണ്ട സിറ്റി സെഡാൻ ഉൾപ്പെടെ മിഡിൽ ഈസ്റ്റ്, മെക്സിക്കോ, തുർക്കി തുടങ്ങിയ ലെഫ്റ്റ്-ഹാൻഡ്-ഡ്രൈവ് വിപണികളിലേക്ക് കമ്പനി കയറ്റുമതി വ്യാപിപ്പിച്ചു.

ഹോണ്ടയുടെ സ്വന്തം വിപണിയായ ജപ്പാൻ, ദക്ഷിണ അമേരിക്ക, കരീബിയൻ രാജ്യങ്ങൾ തുടങ്ങിയ പുതിയ വിപണികളിൽ ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിക്കുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാരണം, വെറും രണ്ട് വർഷത്തിനുള്ളിൽ 100,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ കമ്പനിക്ക് സാധിച്ചു. കയറ്റുമതിയുടെ 78% ഒരുമിച്ച് വഹിക്കുന്ന ഹോണ്ട സിറ്റിയും ഹോണ്ട എലിവേറ്റുമാണ് ഏറ്റവും വലിയ വളർച്ച നേടിക്കൊടുക്കുന്നത്. ബാക്കി 22% ബ്രിയോ, അമേസ്, ജാസ്, ബിആർ-വി, മൊബിലിയോ, സിറ്റി ഇ:എച്ച്ഇവി, അക്കോർഡ്, സിആർ-വി തുടങ്ങിയ മോഡലുകളിൽ നിന്നാണ്.

ഹോണ്ട ഇതുവരെ, തങ്ങളുടെ വാഹനങ്ങൾ 33 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ജപ്പാനാണ് വിപണി വിഹിതത്തിന്റെ 30 ശതമാനവും. ദക്ഷിണാഫ്രിക്കയും എസ്എഡിസി രാജ്യങ്ങൾ കയറ്റുമതിയുടെ 26 ശതമാനം നൽകുന്നു. മെക്സിക്കോ 19%, തുർക്കി 16%, ബാക്കി ഒമ്പത് ശതമാനം മിഡിൽ ഈസ്റ്റ്, സാർക്ക്, കരീബിയൻ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്.

ഇന്ത്യയിൽ നിർമ്മിച്ച കാറുകൾക്കുള്ള ആഗോള അംഗീകാരമാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത് എന്നും ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെയും ശക്തമായ ഉൽപ്പാദന ശേഷിയുടെയും ഫലമാണിതെന്നും ഹോണ്ട കാർസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് കുനാൽ ബഹർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ കമ്പനി ശക്തമായി പ്രവർത്തിക്കുന്നത് തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.