ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട CR-V സ്‌പെഷ്യൽ എഡിഷൻ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കാൻ ഒരുങ്ങുന്നു. കാര്‍ ദേഖോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 29.50 ലക്ഷം രൂപയായിരിക്കും ഈ ലിമിറ്റഡ് എഡിഷൻ CR-V -യുടെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇപ്പോൾ വിപണിയിലുള്ള CR-V -യേക്കാൾ ഒരുലക്ഷത്തില്‍ അധികം രൂപയോളം കൂടുതലാണിത്.

അന്താരാഷ്‍ട്ര വിപണികളിൽ ഹോണ്ട കഴിഞ്ഞ വർഷം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത CR-V അവതരിപ്പിച്ചിരുന്നു. നോസിൽ കുറഞ്ഞ ക്രോം ഘടകങ്ങൾ, കൂടുതൽ അഗ്രസീവായ ഫ്രണ്ട് ബമ്പർ, പുതുക്കിയ റിയർ ബമ്പർ, ഹെഡ്‌ലാമ്പുകൾക്കുള്ളിൽ ഡാർക്ക് ഘടകങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെയാണ് മോഡൽ എത്തുന്നത്.

സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് ആക്റ്റീവ് കോർണറിംഗ് എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ്, പവർ ഫ്രണ്ട് പാസഞ്ചർ സീറ്റ്, ഓട്ടോ ഫോൾഡിംഗ് വിംഗ് മിററുകൾ എന്നിവ പോലുള്ള പ്രത്യേക കിറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവിലെ മോഡലിലുള്ള 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ട്. ഈ യൂണിറ്റ് 154 bhp കരുത്തും, 189 Nm ടോർക്കും ഉത്പാദിപ്പിക്കും. CVT സ്റ്റാന്‍ഡേര്‍ഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.