ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 പതിപ്പിനെ 2020 ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ എത്തുന്നത്.  പ്രാരംഭ പതിപ്പായ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 73,912 രൂപയും ഡീലക്സ് വേരിയന്റിന് 80,978 രൂപയുമാണ് എക്സ്ഷോറൂം വില. ഇപ്പോഴിതാ വര്‍ഷവസാനം എത്തിയതോടെ മോഡലിന് ക്യാഷ്ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ഗ്രാസിയ 125 വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം (5,000 രൂപ വരെ) ക്യാഷ്ബാക്ക് ലഭിക്കും. ഹോണ്ട ടൂ വീലര്‍ ഇന്ത്യയുടെ പങ്കാളി ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഫെഡറല്‍ ബാങ്ക് എന്നിവയില്‍ നിന്നുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഇഎംഐ സ്‌കീമില്‍ ഓഫര്‍ ലഭ്യമാണ്.

എഞ്ചിന്‍ നവീകരണത്തിനൊപ്പം, ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങളോടെയാണ് സ്‌കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ എന്നീ നിറങ്ങളിൽ ഗ്രാസിയ ലഭിക്കും.