ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കിന്റെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ പതിപ്പുകളെ വിപണിയിൽ അവതിപ്പിച്ച് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ). പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച സിവിക് ഡീസലിന് 20.74 ലക്ഷം രൂപയാണ് പ്രാരംഭ വില. 

ലോകമെമ്പാടും അറിയപ്പെടുന്ന ഹോണ്ടയുടെ വാഹനമാണ് സിവിക്ക്. 2019 ഫെബ്രുവരി 15നാണ് പത്താംതലമുറ സിവിക്ക് ഇന്ത്യന്‍ വിപണിയിലെത്തിയത്.  ഒൻപതാം തലമുറ ഒഴിവാക്കിയാണ് സിവിക്കിന്റെ 10–ാം തലമുറയെ  ഹോണ്ട ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്. അന്ന് ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഹോണ്ട സിവിക് പുറത്തിറക്കിയപ്പോള്‍ ഡീസൽ എഞ്ചിൻ ബിഎസ് 4 നിലവാരത്തിൽ ഉള്ളതായിരുന്നു. 

1.6 ലിറ്റർ, നാല് സിലിണ്ടർ ഐ-ഡി ടെക് ടർബോ എഞ്ചിനാണ്  ബിഎസ് 4 ഹോണ്ട സിവിക് ഡീസലിന് ഉണ്ടായിരുന്നത്. 118 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. സിവിക്കിന്റെ വരാനിരിക്കുന്ന ബിഎസ് 6 ഡീസൽ വേരിയന്റിന് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള  1.6 ലിറ്റർ ഐ-ഡിടെക് ടർബോ എഞ്ചിൻ നൽകും. ബിഎസ് 6 ഡീസൽ പതിപ്പ് അതിന്റെ മുൻഗാമിയുടേതിന് സമാനമായ പെർഫോമൻസ് ഫിഗറുകൾ നൽകുമെന്ന്  പ്രതീക്ഷിക്കുന്നത്. 

പെട്രോൾ പതിപ്പിന് 1.8 ലിറ്റർ ഐ-വിടെക്  പെട്രോൾ എഞ്ചിൻ ആണ് ഹൃദയം. 140 ബിഎച്ച്പി കരുത്തും 174 എൻഎം ടോർക്കും ഉല്‍പ്പാദിപ്പിക്കാൻ ഈ എൻജിന് കഴിയും.