Asianet News MalayalamAsianet News Malayalam

PCX ഇലക്ട്രിക്ക് സ്‍കൂട്ടര്‍, ഇന്ത്യയില്‍ പേറ്റന്‍റ് രജിസ്റ്റര്‍ ചെയ്‍ത് ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പിസിഎക്‌സ് ഇലക്ട്രിക്ക് സ്‍കൂട്ടർ ഇന്ത്യൻ വിപണിയ്ക്കായി പേറ്റന്‍റ് രജിസ്റ്റർ ചെയ്‍തു

Honda PCX electric scooter India spec patent registered
Author
Mumbai, First Published May 16, 2021, 3:49 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പിസിഎക്‌സ് ഇലക്ട്രിക്ക് സ്‍കൂട്ടർ ഇന്ത്യൻ വിപണിയ്ക്കായി പേറ്റന്‍റ് രജിസ്റ്റർ ചെയ്തെന്ന് റിപ്പോര്‍ട്ട്. ഓട്ടോ കാർ ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള ആദ്യ പടിയായാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഹോണ്ടയുടെ കരുത്തന്‍ സ്‌കൂട്ടര്‍ പിസിഎക്‌സിന്റെ ഇലക്ട്രിക് പതിപ്പാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഓട്ടോ ഷോയിലെ ഹോണ്ട സ്റ്റാളിലെ താരമായിരുന്നു പിസിഎക്‌സ് ഇവി കൺസെപ്റ്റ്. അതെ വർഷം ജപ്പാനിൽ പ്രൊഡകഷൻ വേർഷനും ഹോണ്ട അവതരിപ്പിച്ചിരുന്നു.  കാഴ്‍ചയില്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ പ്രൗഡിയാണ് പിസിഎക്‌സിനുള്ളത്. മുന്‍വശത്തുനിന്ന് നോക്കിയാല്‍ ഒരു റേസിങ് ബൈക്കിന്റെ രൂപം തന്നെയാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.  ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, വിന്‍ഡ് സ്‌ക്രീന്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഈ സ്‌കൂട്ടറിലെ ഹൈലൈറ്റാണ്. 1923 എംഎം നീളവും 745 എംഎം വീതിയും 1107 എംഎം ഉയരവും സ്‌കൂട്ടറിനുണ്ട്.

ഹോണ്ട സ്വന്തമായി നിര്‍മിച്ച ഹൈ ഔട്ട്പുട്ട് മോട്ടോറാണ് പിസിഎക്സില്‍ നല്‍കിയിട്ടുള്ളത്. സീറ്റിന് അടിയിലായി ആവശ്യാനുസരണം ഊരിമാറ്റാവുന്ന വിധത്തിലാണ് രണ്ടു ബാറ്ററി. സ്‌കൂട്ടറില്‍ നിന്ന് പുറത്തെടുത്ത് ബാറ്ററി ചാര്‍ജ് ചെയ്യാം. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 41 കിലോമീറ്ററാണ് പിസിഎക്‌സിന്റെ റേഞ്ച്. 

വലിപ്പമേറിയ ഹെഡ്ലാമ്പുകളാണ് ഹോണ്ട PCX സ്‌കൂട്ടറിനുള്ളത്. താരതമ്യേന നീളം കൂടിയ സീറ്റുകളും ബൈക്കില്‍ കാണാം. ഡിസ്‌ക് ബ്രേക്ക്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെന്‍ഷന്‍ തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിലുണ്ട്. 

വീതിയേറിയ മുന്‍ഭാഗം, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, വെര്‍ട്ടിക്കല്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആപ്രോണിലെ വലിയ സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് PCX -യുടെ സവിശേഷതകള്‍. സീറ്റിനടിയില്‍ 25 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ്, 12 വാര്‍ട്ട് ചാര്‍ജിങ് സോക്കറ്റും വാഹനത്തിലുണ്ട്.

130 കിലോഗ്രാമാണ് ആകെ ഭാരം. സുരക്ഷയ്ക്കായി എബിഎസ് സൗകര്യവും സ്‌കൂട്ടറില്‍ ഉണ്ട്. വലിയ വൈസര്‍, നീളമേറിയ സീറ്റ്, ഫൂട്ട് സ്റ്റെപ്പ്‌സ് എന്നിവയും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്. 

PCX -ന്റെ പെട്രോള്‍ വകഭേദത്തെയും കമ്പനി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,500 rpm -ല്‍ 14.3 bhp കരുത്തും 6,500 rpm -ല്‍ 13.6 Nm torque ഉം സൃഷ്ടിക്കും. ഹീറോ ഇലക്ട്രിക് സ്‌കൂട്ടര്‍, ആര്‍തര്‍ എനര്‍ജി, ഒഖിനാവ ഇലക്ട്രിക് എന്നീ സ്‌കൂട്ടറുകളുമായി മത്സരിക്കാനാണ് ഹോണ്ട പിസിഎക്‌സ് ഇന്ത്യയിലെത്തുന്നത്.  ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയ്യതിയോ സ്‌കൂട്ടറിന്റെ വിലയോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജാപ്പനീസ് വിപണിയില്‍ സ്‌കൂട്ടര്‍ ലഭ്യമാണെങ്കിലും മറ്റ് വിപണികളില്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും പ്രഥമിക ഘട്ടത്തില്‍ ഈ സ്‌കൂട്ടര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Image Courtesy : India Car News 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios