പുതിയ ഗോൾഡ് വിംഗ് കൂടാതെ, CMX1100, CMX500 റെബൽ മോഡലുകൾ പോലെയുള്ള നിരയിലെ മറ്റ് ബൈക്കുകളും ഹോണ്ട പരിഷ്‍കരിച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

ഹോണ്ട മോട്ടോർസൈക്കിൾ ( Honda) പുതിയ വർണ്ണ ഓപ്ഷനുകളും ഫീച്ചറുകളും സഹിതം അപ്ഡേറ്റ് ചെയ്‍ത 2022 GL1800 ഗോൾഡ് വിംഗ് ടൂർ മോഡൽ (2022 GL1800 Gold Wing) പുറത്തിറക്കി. പുതിയ ഗോൾഡ് വിംഗ് കൂടാതെ, CMX1100, CMX500 റെബൽ മോഡലുകൾ പോലെയുള്ള നിരയിലെ മറ്റ് ബൈക്കുകളും ഹോണ്ട പരിഷ്‍കരിച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോണ്ടയുടെ മുൻനിര ദീർഘദൂര ലക്ഷ്വറി ടൂറിംഗ് മോഡലായ GL1800 ഗോൾഡ് വിംഗ് ടൂററിന് 2022-ൽ ശ്രദ്ധേയമായ പുതിയ നിറങ്ങളുടെ അപ്‌ഡേറ്റുകൾ ലഭിച്ചു. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ GL1800 ഗോൾഡ് വിംഗ് 'ടൂർ' ഇപ്പോൾ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക്കിൽ ലഭ്യമാക്കും

ഗോൾഡ് വിംഗ് ടൂറിന്റെ ഡിസിടി/എയർബാഗ് ട്രിമ്മിന് 2022-ൽ പുതിയ ഗ്ലിന്റ് വേവ് ബ്ലൂ മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ് പെയിന്റ് ഓപ്ഷനുകൾ ലഭിക്കുന്നു. ഈ ഓപ്ഷനുകൾ ഇതിനകം വിറ്റുപോയ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് കളർ സ്കീമിൽ ലഭ്യമാക്കും. DCT-മാത്രം GL1800 ഗോൾഡ് വിംഗ് ഒരു പുതിയ മാറ്റ് ജീൻസ് ബ്ലൂ മെറ്റാലിക് നിറത്തിൽ തിളങ്ങും. 

നിലവിലെ അതേ 1,833 സിസി, ഫ്ലാറ്റ്-സിക്സ്, ലിക്വിഡ്-കൂൾഡ്, ബിഎസ്6 എഞ്ചിൻ തന്നെയാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഈ പവർട്രെയിൻ 5,500 ആർപിഎമ്മിൽ 124.7 ബിഎച്ച്പി പരമാവധി പവർ ഔട്ട്പുട്ടും 4,500 ആർപിഎമ്മിൽ 170 എൻഎം പീക്ക് ടോർക്കും നൽകും. ആറ് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്‍പീഡ് DCT ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ഏഴ് ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ, ഗൈറോകോംപസ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് സ്‌ക്രീൻ, സ്‌മാർട്ട് കീ ഓപ്പറേഷൻ, 4 റൈഡിംഗ് മോഡുകൾ, എച്ച്‌എസ്‌ടിസി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ബൈക്കിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 

2021 GL1800 ഗോൾഡ് വിംഗ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. അത് ലോഞ്ച് ചെയ്‍ത് ആഴ്ചകൾക്കുള്ളിൽ തന്നെ വിറ്റുതീർന്നിരുന്നു അപ്‌ഡേറ്റ് ചെയ്‍ത പുതിയ പതിപ്പ് 2022 ൽ രാജ്യത്ത് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.