സംസ്ഥാന സര്‍ക്കാരിന്റെ ചുവപ്പ്, ഓറഞ്ച്, പച്ച സോണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് തങ്ങളുടെ ഡീലര്‍ ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളും പ്രവര്‍ത്തനം തുടങ്ങിയതായി ഹോണ്ട ടൂവീലേഴ്‌സ് ഇന്ത്യ അറിയിച്ചു. സുരക്ഷിതത്വം, ശുചിത്വം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയവ 100 ശതമാനം ഉറപ്പിച്ചുകൊണ്ടാണ് ഹോണ്ട ഡീലര്‍മാര്‍ ഷോറൂം തുറന്നിട്ടുള്ളത്.

ഉത്തരവാദിത്വമുള്ള കമ്പനിയെന്ന നിലയില്‍ ഹോണ്ട ഉപഭോക്താക്കളുടേയും ബിസിനസ് പങ്കാളികളായ ഡീലര്‍മാരുടേയും സുരക്ഷിതത്വത്തിനാണു മുന്‍ഗണനയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. കൂടാതെ ഡീലര്‍മാര്‍ക്ക് സമഗ്ര സാമ്പത്തിക പിന്തുണയേകുന്ന പാക്കേജിനും കമ്പനി രൂപം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അതനുസരിച്ച് ഡീലര്‍മാരുടെ കൈവശം ബിഎസ് 6 വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനു വന്ന ചെലവിന്റെ 40 ദിവസത്തെ പലിശ കമ്പനി വഹിക്കുമെന്നും ഗുലേരിയ പറഞ്ഞു. രാജ്യത്തെ ഓരോ ഹോണ്ട ഷോറൂമിലും ഉപഭോക്തക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമസ്ഥാനമെന്നും ഗുലേരിയ ആവര്‍ത്തിച്ചു പറഞ്ഞു.

കോവിഡ് നിയന്ത്രണത്തിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമായി സാമൂഹ്യ ഉത്തരവാദിത്വമനുസരിച്ച് ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ 11 കോടി രൂപ നല്‍കിയിരുന്നു. ഹോണ്ട ഗ്രൂപ്പിലെ അഞ്ചു കമ്പനികളിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.