ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോം ആരംഭിച്ചു. കൊവിഡ് -19 മൂലമുള്ള പ്രതിസന്ധിയും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. 

സ്വന്തം വീടുകളില്‍ ഇരുന്ന് തന്നെ ഉപഭോക്താക്കൾക്ക് ഒരു ഹോണ്ട വാഹനം വാങ്ങുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായിക്കും.  ഡിജിറ്റല്‍ ഷോറൂം  കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ ബ്രൗസറുകള്‍ വഴി ആക്‌സസ് ചെയ്യാന്‍ കഴിയും. ഉപഭോക്താവിന് ഡിജിറ്റല്‍ അനുഭവത്തിലൂടെ കമ്പനിയുടെ മുഴുവന്‍ മോഡല്‍ ശ്രേണിയും ഇതില്‍ കാണമെന്നാണ് റിപ്പോർട്ട്. ഓരോ മോഡലിന്റേയും രൂപകൽപന, സവിശേഷതകള്‍, സാങ്കേതിക വിശദാംശങ്ങള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാനും കഴിയും.

യാത്രയിലായിരിക്കുമ്പോഴും അവരുടെ പ്രിയപ്പെട്ട ഹോണ്ട കാറുകളുടെ സവിശേഷതകള്‍ ഡിജിറ്റലായി പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും വെര്‍ച്വല്‍ ഷോറൂം അനുവദിക്കുമെന്നും ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു. വെര്‍ച്വല്‍ ഷോറൂമുകള്‍ കമ്പനിയുടെ ഫിസിക്കല്‍ സെയില്‍സ് നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ക്കും.

വെര്‍ച്വല്‍ ഷോറൂമിലൂടെ ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ സ്പെയ്സിന്റെയും ഉത്പ്പന്നത്തിന്റെയും 360 ഡിഗ്രി കാഴ്ചകള്‍ കാണാം. സണ്‍റൂഫ്, ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ടെയില്‍ ലാമ്പുകള്‍ എന്നിവയുടെ ഫലങ്ങള്‍ ദൃശ്യവല്‍ക്കരിക്കാനും ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നുവെന്നും കമ്പനി പറയുന്നു.