കൊറോണക്കാലത്ത് ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ വാഹനം സ്വന്തമാക്കാൻ മടിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ ആകർഷിക്കാൻ കിടിലന്‍ പദ്ധതിയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ വാഹനം സ്വന്തമാക്കാൻ മടിക്കുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ ആകർഷിക്കാൻ കിടിലന്‍ പദ്ധതിയുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 

ഈ ജീവനക്കാര്‍ക്കായി മൂന്നുമാസത്തെ ഇഎംഐ അഷുറൻസ് പദ്ധതിയാണ് ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. സ്വകാര്യ കമ്പനികളിലെ ജീവനക്കാരായ ഉപഭോക്താക്കളുടെ ജോലി നഷ്ടപ്പെട്ടാൽ മൂന്നുമാസത്തെ ഇഎംഐ ഹ്യുണ്ടായി അടയ്ക്കുന്നതാണ് ഈ പദ്ധതി. പ്രതിസന്ധിഘട്ടത്തിൽ വാഹന ഇഎംഐ മുടങ്ങുമെന്ന ഭയം ഒഴിവാക്കി കൂടുതൽ പേരെ വാഹനം വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. 

തിരഞ്ഞെടുത്ത മോഡലുകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. മേയിൽ വാഹനം വാങ്ങുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് അടുത്ത വർഷം മേയ് വരെയാണ് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കായിരിക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യുകയെന്നാണ് ഹ്യുണ്ടായിയുടെ വിലയിരുത്തല്‍. ഉപഭോക്താക്കൾക്ക് നൽകുന്ന കൺസ്യൂമർ ഓഫറുകൾ കൂടാതെയാണ് പുതിയ പദ്ധതി. 

ലോണെടുത്ത് വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണപ്രദമായ നടപടിയാണിതെന്നാണ് ഹ്യുണ്ടായി പറയുന്നത്. കൂടാതെ കൊവിഡ് കാലത്തിനു ശേഷം ചെറു വാഹനങ്ങളുടെ ആവശ്യകത വർധിക്കുമെന്നും പുതിയ പദ്ധതി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.

അതേസമയം ലോക്ക്ഡൗണ്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഹ്യുണ്ടായിയുടെ ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രീന്‍, ഓറഞ്ച് സോണുകളിലാണ് ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരുന്നു. കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഹ്യുണ്ടായിയും സജീവമായി രംഗത്തുണ്ട്. നിരവധി സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന അഡ്വാന്‍സ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും കമ്പനി എത്തിച്ച് നല്‍കിയിരുന്നു.