പറക്കും കാര്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ വാഹനി നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി

പറക്കും കാര്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി ദക്ഷിണ കൊറിയന്‍ വാഹനി നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി. 2020ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സിഇഎസ്) വാഹനത്തെ പ്രദര്‍ശിപ്പിക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

പേഴ്‌സണല്‍ എയര്‍ വെഹിക്കിള്‍ കണ്‍സെപ്റ്റാണ് പ്രദര്‍ശിപ്പിക്കുന്നത്. അര്‍ബന്‍ എയര്‍ മൊബിലിറ്റിയുടെ ഭാഗമായാണ് പറക്കും കാറുകളിലേക്ക് കമ്പനി തിരിയുന്നത്. പറക്കും കാര്‍ വിഭാഗം (അര്‍ബന്‍ എയര്‍ മൊബിലിറ്റി) രൂപീകരിച്ച ആദ്യ വാഹന നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍. പ്രശസ്ത എയ്‌റോനോട്ടിക്‌സ് എന്‍ജിനീയറായ ഡോ. ജയ് വണ്‍ ഷിന്‍ ആണ് അര്‍ബന്‍ എയര്‍ മൊബിലിറ്റി വിഭാഗത്തിന്റെ മേധാവി.

പുതിയ വിഭാഗത്തിന് എത്ര തുകയാണ് വകയിരുത്തിയത് എന്ന കാര്യം ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഭാവി സാങ്കേതികവിദ്യകളില്‍ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പറക്കും കാര്‍ കൂടാതെ ഒരു പര്‍പ്പസ് ബില്‍റ്റ് വെഹിക്കിളും ഹ്യുണ്ടായ് പ്രദര്‍ശിപ്പിക്കും. വളരെയധികം കസ്റ്റമൈസ് ചെയ്യാവുന്നതും ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകളുമുള്ള കണ്‍സെപ്റ്റ് ആയിരിക്കും പര്‍പ്പസ് ബില്‍റ്റ് വെഹിക്കിള്‍. ഇതുവഴി ഭാവിയിലെ വാഹന ഗതാഗതം സംബന്ധിച്ച തങ്ങളുടെ കാഴ്ച്ചപ്പാട് പ്രഖ്യാപിക്കുകയാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍. പറക്കും കാര്‍ രംഗത്ത് നിരവധി കമ്പനികള്‍ ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.