റോഡപകടങ്ങളിൽ ഇന്ത്യയുടെ റെക്കോർഡ് ലോക സമ്മേളനങ്ങളിൽ മുഖം മറയ്ക്കേണ്ട വിധം മോശമാണെന്ന് നിതിൻ ഗഡ്‍കരി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു ഗഡ്‍കരിയുടെ ഈ തുറന്നുപറച്ചിൽ
തുറന്നുപറച്ചിലുകൾക്ക് പേരുകേട്ടയാളാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. അദ്ദേഹമിതാ ഒരിക്കൽ കൂടി വ്യക്തമായി ഒരു കാര്യം തുറന്നുപറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചായിരുന്നു ഹൃദയത്തിൽ തറയ്ക്കുന്ന അദ്ദേഹത്തിന്‍റെ ഈ വാക്കുകൾ. റോഡപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിങ്ങുകള്‍ക്ക് പോകുമ്പോള്‍ താന്‍ മുഖം മറച്ച് ഇരിക്കുകയാണ് ചെയ്യാറെന്നായിരുന്നു ഗഡ്‍കരിയുടെ വാക്കുകൾ. റോഡപകടങ്ങളിൽ ഇന്ത്യയുടെ റെക്കോർഡ് ലോക സമ്മേളനങ്ങളിൽ മുഖം മറയ്ക്കേണ്ട വിധം മോശമാണെന്നായിരുന്നു അദ്ദേഹം ലോക്സഭയിൽ പറഞ്ഞത്. സഭയിലെ ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ ഈ പരാമർശം. തൻ്റെ മന്ത്രിസഭ എത്ര ശ്രമിച്ചിട്ടും റോഡപകടങ്ങൾ കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രതിവര്‍ഷം വാഹനാപകടങ്ങളില്‍ 1.78 ലക്ഷം പേര്‍ മരിക്കുന്നതായി നിതിന്‍ ഗഡ്‍കരി പറഞ്ഞു. മരിക്കുന്നവരില്‍ 60 ശതമാനവും 18നും 34വയസിനും ഇടയിലുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ നിയമം പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നും ടൂവീലര്‍ ഉപയോഗിക്കമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതും ഡ്രൈവര്‍മാര്‍ റെഡ് സിഗ്‌നല്‍ മറികടക്കാന്‍ ശ്രമിക്കുന്നതും അപകടം വര്‍ധിക്കുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. നിയമത്തെ ആരും ഭയക്കുന്നില്ലെന്നും സമൂഹത്തിൽ നിന്ന് പിന്തുണ ലഭിക്കുന്നതുവരെ മനുഷ്യരുടെ പെരുമാറ്റം മാറില്ലെന്നും ഗഡ്‍കരി പറഞ്ഞു.
"ഇത്രയധികം ആളുകൾ യുദ്ധത്തിലോ കോവിഡിലോ കലാപത്തിലോ മരിക്കുന്നില്ല. ലോക സമ്മേളനങ്ങൾക്ക് പോകുമ്പോൾ ഞാൻ മുഖം മറയ്ക്കുന്നു" ഗഡ്‍കരി പറഞ്ഞു. റോഡപകടങ്ങൾ തടയുന്നതിനും ഗതാഗത വകുപ്പിൻ്റെ സഹായത്തോടെ സ്‌കൂളുകളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും എംപിമാർ അവരുടെ തലത്തിൽ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവൻ നഷ്‍ടപ്പെട്ടവരിൽ 60 ശതമാനവും 18 നും 34 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നതാണ് സങ്കടകരമെന്നും ഗഡ്‍കരി പറഞ്ഞു. ഈ വർഷം ഇതുവരെ റോഡപകടങ്ങളിൽ 1.78 ലക്ഷം പേർ മരിച്ചു. ഇത് കഴിഞ്ഞ വർഷത്തെ 1.5 ലക്ഷത്തേക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. 30,000 പേർ ഹെൽമറ്റ് ധരിക്കാത്തതിനാൽ ഓരോ വർഷവും മരിക്കുന്നു. റോഡപകടങ്ങളിൽ വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനുള്ള പരീക്ഷണമെന്ന നിലയിൽ ആറ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന സൗജന്യ ചികിൽസാ പദ്ധതി പുതുവർഷത്തിൽ രാജ്യം മുഴുവൻ നടപ്പാക്കുമെന്നും ഈ മാസം ഉത്തർപ്രദേശിൽ ഈ പദ്ധതി ആരംഭിക്കുമെന്നും നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചു. കർശനമായ നിയമങ്ങളും എല്ലാ ശ്രമങ്ങളും ഉണ്ടായിട്ടും റോഡപകടങ്ങൾ വർധിക്കാൻ കാരണം ജനങ്ങൾക്കിടയിൽ നിയമത്തോടുള്ള ഭയവും ആദരവും ഇല്ലായ്‍മയാണെന്നും ഗഡ്‍കരി പറഞ്ഞു.

