രാജ്യത്ത് ആദ്യമായി ഡ്രൈവറില്ലാത്ത മെട്രോ അവതരിപ്പിച്ചു. ദില്ലി മെട്രോയാണ് രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ എന്ന ഖ്യാതി സ്വന്തമാക്കിയത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണ് ഡ്രൈവറില്ലാത്ത മെട്രോ ആദ്യമായി സർവീസ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സർവീസ് ഉദ്ഘാടനം ചെയ്‍തതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഉദ്ഘാടനം. 

ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിക്കുന്നത്.

നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) സംവിധാനത്തിന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നിർവഹിച്ചു. രാജ്യത്ത് എവിടെ നിന്നുമുള്ള റുപേ- ഡെബിറ്റ് കാർഡുകൾ മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. ദില്ലിയിലെ എയർപോർട്ട് എക്സ്പ്രസ് ലൈനിലാണ് എൻസിഎംസി സംവിധാനം തുടക്കത്തിൽ നടപ്പാക്കുന്നത്. 

ഇന്ത്യയിലെ 25 നഗരങ്ങളിൽ 2025നു മുൻപ് മെട്രോ സർവീസ് ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്ന ആധുനിക നഗരമാക്കി ദില്ലിയെ മാറ്റുമെന്നും പുതിയ പാർലമെന്റ് മന്ദിരം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകൾ, രാജ്യാന്തര കൺവൻഷൻ സെന്ററുകൾ എന്നിവയെല്ലാം ഡൽഹിയുടെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.