രാജ്യത്തെ വാഹനക്കച്ചവടം പൊടിപൊടിക്കുന്നു. എന്നിട്ടും ആശങ്കയൊഴിയാതെ വാഹന നിര്‍മ്മാതാക്കളുടെ സംഘടന. കാരണങ്ങള്‍ ഇതൊക്കെയാണ്.

ന്ത്യൻ വാഹന വിപണിയിലെ യാത്ര വാഹന വിൽപ്പന 2022 സെപ്റ്റംബര്‍ മാസത്തിൽ ഇരട്ടിയായി വർധിച്ചതായി റിപ്പോര്‍ട്ട്. വില്‍പ്പന കണക്കുകള്‍ 307,389 യൂണിറ്റായി ഉയർന്നതായി രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) അറിയിച്ചു. വാഹന ഉൽപ്പാദനം 88 ശതമാനം വർധിച്ച് 372,126 യൂണിറ്റില്‍ എത്തി എന്നാണ് കണക്കുകള്‍. അർദ്ധചാലക ക്ഷാമം ലഘൂകരിച്ചതിന് ശേഷമാണ് ലോകത്തിലെ നാലാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ വിൽപ്പനയിലും ഉൽപ്പാദനത്തിലും കുതിച്ചുചാട്ടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

"നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം.." പോരടിച്ച് ഇന്നോവ, കാര്‍ണിവല്‍ മുതലാളിമാര്‍!

മികച്ച ഉത്സവകാലവിൽപ്പനയുടെ പിൻബലത്തിലാണ് വണ്ടിക്കമ്പനികളുടെ ഈ നേട്ടം. ഉത്സവകാലത്താണ് പല ഇന്ത്യക്കാരും വലിയ വാങ്ങലുകൾ നടത്തുന്നത്. അതേസമയം സിഎൻജി ഇന്ധനത്തിന്റെ വിലയിലെ സമീപകാല വർധനവും ഉയർന്ന റിപ്പോ നിരക്കുകളും റഷ്യ-ഉക്രെയ്ൻ സംഘർഷം എന്നിവ ആശങ്കാജനകമാണ് എന്നും ഇത് വരും മാസങ്ങളിൽ വിപണിയെ ബാധിക്കും എന്ന ആശങ്കയും സിയാം രേഖപ്പെടുത്തുന്നു. 

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യാത്രാ വാഹന വിൽപ്പന 38.4 ശതമാനം ഉയർന്ന് 1,026,309 യൂണിറ്റിലെത്തി. ഈ കാലയളവിൽ ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 12.9 ശതമാനം ഉയർന്ന് 1,735,199 യൂണിറ്റായും പാദത്തിൽ 13 ശതമാനമായും ഉയർന്നു. ഫാക്ടറിയിൽനിന്ന് ഡീലർഷിപ്പിലേക്കുള്ള വാഹന വിതരണം 2021 സെപ്റ്റംബറിൽ 1,60,212 എണ്ണമായിരുന്നത് 3,07,389 എണ്ണമായാണ് ഉയർന്നത്. 

തൊട്ടുതൊട്ടില്ലന്ന പോലെ ഹ്യുണ്ടായി, പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ടാറ്റയെ വിരട്ടി മാരുതി!

2021 സെപ്റ്റംബറിലെ 15,37,604 എണ്ണത്തിൽ നിന്നാണ് ഇരുചക്ര വാഹന വില്‍പ്പന 17,35,199 ആയി ഉയർന്നത്. മോട്ടോർസൈക്കിൾ വിഭാഗത്തിൽ മുൻവർഷത്തെ 9,48,161 എണ്ണത്തിൽനിന്ന് 18 ശതമാനം വർധനയോടെ 11,14,667 എണ്ണത്തിലെത്തി. സ്‍കൂട്ടർ വിൽപ്പന 5,27,779 എണ്ണത്തിൽനിന്ന് ഒമ്പതുശതമാനം ഉയർന്ന് 5,72,919 എണ്ണമായി. ജൂലായ്-സെപ്റ്റംബർ പാദത്തിൽ യാത്രാവാഹന വിൽപ്പന 38 ശതമാനം വർധനയോടെ 10,26,309 എണ്ണമായി. ഇരുചക്രവാഹന വിൽപ്പന 46,73,931 എണ്ണത്തിലുമെത്തി. വാണിജ്യവാഹന വിൽപ്പന 39 ശതമാനം ഉയർന്നു. 1,66,251 എണ്ണത്തിൽനിന്ന് 2,31,880 ആയാണ് വളർച്ച. ആകെ 60,52,628 വാഹനങ്ങളാണ് എല്ലാ വിഭാഗങ്ങളിലും കൂടി സെപ്റ്റംബർ പാദത്തിൽ വിറ്റഴിച്ചത് എന്നാണ് കണക്കുകള്‍.

എന്നാല്‍ എൻട്രി ലെവൽ ടൂവീലറുകളും എൻട്രി ലെവൽ പാസഞ്ചർ വാഹനങ്ങളുടെയും വില്‍പ്പന ഇടിയുന്നത് ആശങ്കാജനകമാണെന്നും സിയാം പറയുന്നു. പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍ നിന്നുമുള്ള ഡിമാൻഡ് ഉയരാത്തതും ആശങ്കാജനകമാണ്. മോപ്പഡുകളുടെ പ്രതിമാസ വിൽപ്പന ഏകദേശം 23 ശതമാനം ഇടിഞ്ഞ് 47,613 യൂണിറ്റില്‍ എത്തി എന്നാണ് കണക്കുകള്‍ എന്നും സിയാം പറയുന്നു.

പട പേടിച്ചുചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട, സിഎൻജി വണ്ടിക്കച്ചവടവും ഇടിയുന്നു!

പുറത്തുവന്ന വില്‍പ്പന കണക്കുകള്‍ അനുസരിച്ച്, എപ്പോഴത്തെയും പോലെ മാരുതി സുസുക്കി ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൽ ആധിപത്യം തുടരുന്നു. 2022 സെപ്റ്റംബര്‍ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നാല് കാറുകൾ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതിയില്‍ നിന്നുള്ളവ ആയിരുന്നു. മാരുതി സുസുക്കി അൾട്ടോ, മാരുതി സുസുക്കി വാഗൺആർ , മാരുതി സുസുക്കി ബലേനോ, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് ആദ്യത്തെ നാല് സ്ഥാനങ്ങളില്‍. പിന്നാലെ ടാറ്റ നെക്‌സോൺ , ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഇക്കോ, ടാറ്റ പഞ്ച് , മാരുതി സുസുക്കി സ്വിഫ്റ്റ് , ഹ്യുണ്ടായ് വെന്യു തുടങ്ങിയവരും ഉണ്ട്.