മുഖം മിനുക്കി എത്തിയ ജാഗ്വാർ എഫ് ടൈപ്പ് മോഡലിന്‍റെ വില പ്രഖ്യാപിച്ചു. 95.12 ലക്ഷം രൂപ മുതൽ 2.42  കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. 

മൂന്ന് എൻജിൻ ഓപ്ഷനുകളിലായി എത്തുന്ന ഈ വാഹനം തികച്ചും പുതുക്കിയ ഡിസൈനിൽ ആണ് എത്തുന്നത്. 6 ട്രിമ്മുകളിൽ  9 വേരിയന്റുകളിലായാണ്  ഈ വാഹനം നിരത്തിൽ എത്തുക. പുതുക്കിയ മോഡൽ ഗ്രിൽ,  പുതിയ ഡിസൈനിലുള്ള നേർത്ത ഹെഡ് ലാമ്പുകൾ,  എൽഇഡി ടയിൽ ലാംബ്, ഡിഫ്‌യൂസർ എന്നിവ ഈ പുത്തൻ മോഡലിന് സ്പോർട്ടി പരിവേഷം നൽകുന്നു. ഉൾഭാഗത്ത് 10 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെൻഡ് ക്ലസ്റ്ററും നൽകിയിരിക്കുന്നു.

മൂന്ന് എൻജിൻ ഓപ്ഷനുകളിൽ ആണ് ഈ വാഹനം ലഭിക്കുക. 2.0 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ 296 ബിഎച്ച്പി കരുത്തും 400 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് വ്യത്യസ്ത ട്യൂണിങ്ങിലുള്ള 5.0 ലിറ്റർ വി 8 എൻജിനും ഈ വാഹനത്തിന് നൽകിയിട്ടുണ്ട്. ഇതിൽ  444 ബിഎച്ച്പി കരുത്തും 580 ന്യൂട്ടൺ  മീറ്റർ ടോർക്കും,  567 ബിഎച്ച്പി കരുത്തും 700 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്ന രണ്ട് വ്യത്യസ്ത എൻജിനുകൾ ആണ് ഉള്ളത്.  എല്ലാ മോഡലുകൾക്കും  8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആണ് നൽകിയിരിക്കുന്നത്.