അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ കാരണം ജപ്പാനിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾക്ക് വൻ നഷ്ടം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്. ട്രംപിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നയങ്ങൾ മൂലമുള്ള ചെലവ് കാരണം ഈ വർഷത്തെ സാമ്പത്തിക പ്രകടനം ദുർബലമാകുമെന്ന് മുൻനിര ബ്രാൻഡുകൾ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ കാരണം ജപ്പാനിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 19 ബില്യൺ ഡോളറിലധികം നഷ്‍ടം പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. കാറുകളുടെയും ഓട്ടോ പാർട്‌സിന്റെയും ഇറക്കുമതി സംബന്ധിച്ച ട്രംപിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നയങ്ങൾ മൂലമുള്ള ചെലവ് കാരണം ഈ വർഷത്തെ സാമ്പത്തിക പ്രകടനം ദുർബലമാകുമെന്ന് മുൻനിര ബ്രാൻഡുകൾ മുന്നറിയിപ്പ് നൽകി. വടക്കേ അമേരിക്കയിലെ നിക്ഷേപത്തെയും ഉൽപ്പാദനത്തെയും കുറിച്ച് പുനർവിചിന്തനം നടത്താൻ അനിശ്ചിതത്വം കാർ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനാൽ ഈ ആഘാതം വർഷങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷന് ഏറ്റവും വലിയ തിരിച്ചടി നേരിടാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം പ്രവർത്തന വരുമാനത്തിൽ 180 ബില്യൺ (1.2 ബില്യൺ ഡോളർ) ആഘാതം പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ആഴ്ച കമ്പനി പറഞ്ഞിരുന്നു. ബ്ലൂംബെർഗ് ഇന്റലിജൻസിന്റെ കണക്കനുസരിച്ച്, ഈ കണക്ക് മുഴുവൻ സാമ്പത്തിക വർഷവും 10.7 ബില്യൺ ഡോളറാകാം. പെൽഹാം സ്മിത്തേഴ്‌സ് അനലിസ്റ്റ് ജൂലി ബൂട്ട് 5.4 ബില്യൺ മുതൽ 6.8 ബില്യൺ ഡോളർ വരെ പ്രവചിക്കുന്നു.
നിസാൻ മോട്ടോർ കമ്പനിയും ഹോണ്ട മോട്ടോർ കമ്പനിയും മൂന്ന് ബില്യൺ ഡോളറിന്റെ ആഘാതം കണക്കാക്കുന്നു. യുഎസിൽ വിൽക്കുന്ന കാറുകളുടെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന സുബാരു കോർപ്പിന് 2.5 ബില്യൺ ഡോളറിന്റെ ഇടിവ് പ്രതീക്ഷിക്കുന്നു. മാസ്‍ദ മോട്ടോർ കമ്പനിയും ഇടിവ് പ്രതീക്ഷിക്കുന്നു. 2025 ഏപ്രിൽ മൂന്നിന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വാഹനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തി. 2025 മെയ് 3 മുതൽ മിക്ക ഓട്ടോ പാർട്‌സുകളും ആ ലെവിക്ക് വിധേയമായി. താരിഫ് ഇരട്ടിയാക്കുന്നത് തടയുന്ന ചില ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ നയങ്ങൾ യുഎസിലെ കാറുകളുടെ വില ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ജപ്പാനിലെ മുൻനിര കാർ നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. മെക്സിക്കോയിലോ കാനഡയിലോ ഉള്ള ഫാക്ടറികൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിച്ച് അമേരിക്കൻ വിപണിയിലേക്ക് അയയ്ക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നത് . എന്നാൽ ട്രംപിന്റെ ഇറക്കുമതി താരിഫുകൾ ഇപ്പോൾ അതിനെ ചെലവേറിയതും, പ്രായോഗികം അല്ലാത്തതുമാക്കി മാറ്റുകയും ചെയ്തു. തീരുവയിൽ നിന്ന് രക്ഷപ്പെടാൻ വിതരണ ശൃംഖലകൾ എങ്ങനെ പുനഃക്രമീകരിക്കാമെന്ന ചെലവേറിയ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ് നിലവിൽ കമ്പനികൾ എന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം അവസാനം അമേരിക്കയുമായുള്ള ചർച്ചകൾ വേഗത്തിലാകാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപാര ചർച്ചകൾ ഒരു ഇളവ് നൽകുമെന്ന് ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.



