Asianet News MalayalamAsianet News Malayalam

ജാവ ബിഎസ്6 എത്തി

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവയുടെ  ബിഎസ് 6 പാലിക്കുന്ന ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 

Jawa BS6 And Jawa 42 BS6 launched
Author
Mumbai, First Published Mar 4, 2020, 8:37 PM IST

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവയുടെ  ബിഎസ് 6 പാലിക്കുന്ന ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 293 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവ, ജാവ 42 മോഡലുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ഇന്ത്യയില്‍ ഇതാദ്യമായി ഒരു മോട്ടോര്‍സൈക്കിളില്‍ ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു. കരുത്തിലും ടോര്‍ക്കിലും മാറ്റമില്ല. 27 ബിഎച്ച്പി പരമാവധി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ തുടരും.

ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക് 2019 നവംബറില്‍ വിപണിയില്‍ അവതരിപ്പിക്കുന്ന സമയത്തുതന്നെ ഭാരത് സ്‌റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു. പരിഷ്കാരങ്ങളുടെ ഭാഗമായി Rs 5,000 രൂപ മുതൽ Rs 9,928 രൂപ വരെ ജാവ, ജാവ 42 മോഡലുകളുടെ വില വർദ്ധിപ്പിച്ചു. 2020 ജാവയുടെ സിംഗിൾ ചാനൽ എബിഎസ് പ്രാരംഭ വില Rs 1.64 ലക്ഷത്തിൽ നിന്ന് Rs 1.73 ലക്ഷമായും, ഡ്യുവൽ ചാനൽ എബിഎസ് മോഡലിന്റെ വില Rs 1.73 ലക്ഷത്തിൽ നിന്ന് 1.82 ലക്ഷമായും ഉയർന്നു.

ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് 2018 അവസാനമാണ് വീണ്ടും വിപണിയിലെത്തിച്ചത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി നീണ്ട 22 വര്‍ഷത്തെ ഇടവേളയ്‍ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കമ്പനി വില്‍പ്പനയിലും മുമ്പിലാണ്.  1960 കളിലെ പഴയ ജാവയെ അനുസ്‍മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. 

1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍സൈക്കിളില്‍നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്‍തമാക്കും.

മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കിയിരിക്കുന്നു.  750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം.

Follow Us:
Download App:
  • android
  • ios