Asianet News MalayalamAsianet News Malayalam

ജാവ ബൈക്കുകള്‍ യൂറോപ്പിലേക്കും

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവയുടെ  പുതിയ ബൈക്കുകള്‍ ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഉടമസ്ഥരായ മഹീന്ദ്രയുടെ ഉപസ്ഥാപനം ക്ലാസിക് ലെജന്‍ഡ്‌സ് ഇക്കാര്യം ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

Jawa Motorcycles Europe Launch In 2020
Author
Mumbai, First Published May 4, 2020, 3:43 PM IST

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവയുടെ  പുതിയ ബൈക്കുകള്‍ ഈ വര്‍ഷം യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഉടമസ്ഥരായ മഹീന്ദ്രയുടെ ഉപസ്ഥാപനം ക്ലാസിക് ലെജന്‍ഡ്‌സ് ഇക്കാര്യം ആലോചിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

ജാവ, ജാവ ഫോര്‍ട്ടി ടു, പെരാക് എന്നീ മോഡലുകളാണ് ജാവ ബ്രാന്‍ഡില്‍ ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ വില്‍ക്കുന്നത്. മധ്യപ്രദേശിലെ പീതംപുര്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാണ് സാധ്യത. നിലവില്‍ മൂന്ന് മോഡലുകളും യൂറോ 5 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. യൂറോപ്യന്‍ വിപണികള്‍ക്ക് അനുയോജ്യമാക്കുന്നതിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

യഥാര്‍ത്ഥ ജാവ മോട്ടോര്‍സൈക്കിളിന്റെ പകര്‍പ്പാണ് ജാവ എങ്കില്‍ ഇതേ മോഡലിന്റെ അല്‍പ്പം ആധുനിക പതിപ്പാണ് ജാവ ഫോര്‍ട്ടി ടു. രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ്. ഈ മോട്ടോര്‍ 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

അതേസമയം, കസ്റ്റം മോട്ടോര്‍സൈക്കിളെന്ന് തോന്നിപ്പിക്കുന്ന ബോബറാണ് പെരാക്. പൂര്‍ണമായും കറുപ്പണിഞ്ഞ മോട്ടോര്‍സൈക്കിളിന്റെ സീറ്റ് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്നതാണ്. 334 സിസി, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 30 ബിഎച്ച്പി കരുത്തും 31 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് 2018 അവസാനമാണ് വീണ്ടും വിപണിയിലെത്തിച്ചത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി നീണ്ട 22 വര്‍ഷത്തെ ഇടവേളയ്‍ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കമ്പനി വില്‍പ്പനയിലും മുമ്പിലാണ്.  1960 കളിലെ പഴയ ജാവയെ അനുസ്‍മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. 

1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍സൈക്കിളില്‍നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്‍തമാക്കും.

മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കിയിരിക്കുന്നു.  750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം.

Follow Us:
Download App:
  • android
  • ios