ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജാവ സീരീസിനു വില കൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 ജനുവരി മുതല്‍ പുതിയ വില നിലവില്‍ വരുമെന്ന് കാര്‍ ആൻഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാവ, ജാവ42, ജാവ പെറക് എന്നിവയ്ക്കായിരിക്കും ചെറിയ രീതിയില്‍ വിലക്കയറ്റം ഉണ്ടാവുക. നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടായിരിക്കുന്ന മുടക്കു മുതല്‍ വര്‍ദ്ധനയാണ് വിലക്കയറ്റത്തിനു കാരണം. 

എത്ര ശതമാനമാണ് വിലക്കയറ്റം ഉണ്ടാവുക എന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗിക തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല. ജാവ 42 ന് 1.65ലക്ഷം രൂപയില്‍ നിന്നും 1.94 ലക്ഷം രൂപ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്ക്, കാര്‍ വിപണികളെല്ലാം പുതുവല്‍സരത്തില്‍ വില കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ക്ലാസിക് ലെജന്‍ഡ്‍സിന്‍റെ ഉടമസ്ഥരായ മഹീന്ദ്ര ഗ്രൂപ്പും അടുത്ത വര്‍ഷം മുതല്‍ തങ്ങളുടെ പാസഞ്ചര്‍, കൊമേഷ്യല്‍ വാഹനങ്ങള്‍ക്ക് വിലകൂട്ടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഹുണ്ടായി, മാരുതി സുസുക്കി, റെനോ തുടങ്ങിയ കമ്പനികള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.