ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക്കിന്റെ ബുക്കിംഗ് തുടങ്ങി

ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക്കിന്റെ ബുക്കിംഗ് തുടങ്ങി. 10,000 രൂപ അഡ്വാന്‍സ് നല്‍കിയാല്‍ ജാവ വെബ്‌സൈറ്റിലൂടെ വഹനം ബുക്ക് ചെയ്യാം. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ബുക്ക് ചെയ്യുന്ന ബൈക്കുകളുടെ എണ്ണം കമ്പനി പരിമിതിപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തോടെ പരേക്ക് ഡെലിവറി നടക്കും. 

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടായിരുന്നു 22 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തിയത്. 2018ല്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ശേഷി കൂടിയ പെരാക്ക് ഇതുവരെ വിപണിയിലെത്തിയിരുന്നില്ല. അടുത്തിടെയാണ് പെരാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 

1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് മോട്ടോര്‍സൈക്കിളില്‍നിന്നാണ് പുതിയ ബൈക്കിന് പേര് സ്വീകരിച്ചത്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേക്കിനെ വ്യത്യസ്‍തമാക്കും. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സിംഗിള്‍ പീസ് സീറ്റ്, കണ്ണീര്‍ത്തുള്ളിയുടെ ആകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കിയിരിക്കുന്നു. 750 മില്ലി മീറ്ററാണ് സീറ്റിന്റെ ഉയരം. 179 കിലോഗ്രാം ഭാരം.

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്‍റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടുമെന്ന് ചുരുക്കം. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്‍സാണ് പുത്തന്‍ ജാവയെ നിരത്തിലെത്തിച്ചിരിക്കുന്നത്.