'ഓപ്പറേഷന് ജാസൂസ്' എന്ന പേരില്‍ നടത്തിയ ഈ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട്
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പില്‍ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപക പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് വിജിലന്‍സ് സംഘം. 'ഓപ്പറേഷന് ജാസൂസ്' എന്ന പേരില്‍ നടത്തിയ ഈ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കൈക്കൂലി ഇടപാട് ആണെന്നാണ് വിവരം.
ഇങ്ങനെ ചെയ്ത് ഹീറോയാകാന്‍ ശ്രമിക്കരുത്, ക്യാംപസുകള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി!
സംസ്ഥാനത്തെ 53 ആര് ടി ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങുന്നതിന് പകരം ഏജന്റുമാരാണ് ഇത് ശേഖരിക്കുന്നത്. തുടര്‍ന്ന് ഓഫീസിന് പുറത്തുവെച്ച് നേരിട്ടോ, ഗൂഗിള്‍ പേ വഴിയോ കൈമാറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി കൈക്കൂലി നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഏജന്റുമാരിൽ നിന്ന് ഗൂഗിൾ പേ വഴി അടക്കം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കോട്ടയം ആര്‍ടി ഓഫിസില്‍ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി 1,20,000 രൂപ കൈക്കൂലി നല്‍കിയതായി കണ്ടെത്തി. അടിമാലി ആര്‍ടി ഓഫിസില്‍ ഗൂഗിള്‍ പേ വഴി 97,000 രൂപ ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശ്ശേരിയിലും കൈക്കൂലിപ്പണം പിടികൂടിയിട്ടുണ്ട്. ചങ്ങനാശേരി ആര്‍ടി ഓഫിസിലെ ഉദ്യേഗസ്ഥന് ഏജന്റുമാര്‍ വഴി ഗൂഗിള്‍ പേയിലൂടെ 72,200 രൂപയാണ് കൈക്കൂലിയായി നല്‍കിയത്. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്ന് ഒന്നരലക്ഷം രൂപയും കൊണ്ടോട്ടി ആര്‍ടിഒ ഓഫീസിൽ ഏജന്റിന്റെ കാറിൽ നിന്ന് 1,06,285 രൂപയും കണ്ടെടുത്തു.
വാഹനരജിസ്ട്രേഷൻ അപേക്ഷയും ലൈസൻസുകളും പെര്‍മിറ്റും വച്ച് താമസിപ്പിച്ച് ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. വടകരയിൽ ഒരു മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്ന് ഒമ്പതോളം എടിഎം കാര്‍ഡുകളാണ് പിടികൂടിയത്.
ഇതാ ഓപ്പറേഷന് ജാസൂസിലെ ചില സുപ്രധാന കണ്ടെത്തലുകള്‍
- വടകര ആർടിഒ ഓഫിസിലെ ടൈപ്പിസ്റ്റിന്റെ ബാഗിൽനിന്ന് നിരവധി അപേക്ഷകളും ആർ.സി ബുക്കുകളും സ്റ്റിക്കറുകളും പിടികൂടി. നെടുമങ്ങാട്ടെ ഒരു ഓട്ടോ കൺസൽട്ടൻസി സ്ഥാപനത്തില്‍ നിന്ന് 84 ആർ.സി ബുക്കുകളും നാല് ലൈസൻസുകളും കണ്ടെത്തി. കരുനാഗപ്പള്ളിയിൽ ഏജന്റിന്റെ ഓഫിസിൽനിന്ന് പുതിയ ആർ.സി ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധരേഖകളും കണ്ടെടുത്തു.
- കഴക്കൂട്ടം എസ്.ആർ.ടി.ഒ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽനിന്ന് ആർ.സി ബുക്കുകൾ, ലൈസൻസുകൾ, വാഹന സംബന്ധമായ മറ്റു രേഖകൾ എന്നിവ കണ്ടെടുത്തു. മൂവാറ്റുപുഴയിലെ എ.എം.വി.ഐയുടെ പക്കൽ കണ്ടെത്തിയ ഒമ്പതോളം എ.ടി.എം കാർഡുകളിൽ അഞ്ചെണ്ണം ഉദ്യോഗസ്ഥന്റെ പേരില്‍ ഉള്ളതല്ലെന്നും വ്യക്തമായി.
- കോഴിക്കോട് ആര്.ടി.ഒ ഓഫിസില്‍ വാഹന രജിസ്ട്രേഷനായുള്ള 2523 അപേക്ഷകളില്‍ 1469 എണ്ണത്തിൽ നടപടി സ്വീകരിച്ചില്ല എന്നും ഉടുമ്പഞ്ചോല, പീരുമേട് ഓഫിസുകളില്‍ ഏജന്റുമാർ പ്രത്യേക അടയാളമിട്ട് നല്കുന്ന അപേക്ഷകളിൽ വളരെ വേഗം നടപടികൾ പൂർത്തിയാക്കുന്നതായും കണ്ടെത്തി.
- കോട്ടയം ആർ.ടി.ഒ ഓഫിസിൽ നടന്ന പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായി കണ്ടെത്തി. അടിമാലി ഓഫിസില്‍ പലപ്പോഴായിട്ടാണ് 97,000 രൂപ നൽകിയത്. ചങ്ങനാശ്ശേരിയിലെ ഉദ്യോഗസ്ഥന് ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാർ 72,200 രൂപയും കാഞ്ഞിരപ്പള്ളി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് 15,790 രൂപയും നൽകിയെന്ന് കണ്ടെത്തി.
- നെടുമങ്ങാട്ടെ ഓട്ടോ കൺസൽട്ടൻസി ഓഫിസിൽനിന്ന് 1.50 ലക്ഷം രൂപയും കൊണ്ടോട്ടി ഓഫിസിൽ ഏജൻറിന്റെ കാറിൽനിന്ന് 1.06 ലക്ഷം രൂപയും ആലപ്പുഴയിൽ രണ്ട് ഏജന്റുമാരിൽനിന്ന് 72,412 രൂപയും വെള്ളരിക്കുണ്ട് ജോയൻറ് ആർ.ടി.ഒ ഓഫിസിൽ രണ്ട് ഏജന്റുമാരിൽനിന്നായി 38,810 രൂപയും കോട്ടയത്ത് ഏജൻറുമാരുടെ പക്കൽനിന്ന് 36,050 രൂപയും പിടിച്ചെടുത്തു.
- ചടയമംഗലത്ത് രണ്ട് ഏജൻറുമാരിൽനിന്ന് 32,400 രൂപയും കൊട്ടാരക്കരയിൽ 34,300 രൂപയും പാലക്കാട് 26,900 രൂപയും റാന്നിയിൽ 15,500 രൂപയും
- പത്തനംതിട്ടയിൽ 14,000 രൂപയും പുനലൂരിൽ 8,100 രൂപയും കരുനാഗപ്പള്ളിയിൽ 7,930 രൂപയും കാക്കനാട്ട് 8,000 രൂപയും പിടികൂടി.
മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നടത്തേണ്ടത്. പരിവാഹന്‍ വഴി അപേക്ഷിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹനവകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. ഈ നിബന്ധന മുതലാക്കിയാണ് വലിയ തോതില്‍ അഴിമതി മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന് ജാസൂസ് എന്ന് പേരിട്ട് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകളിൽ നടപടിയെടുക്കുന്നതിനായി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വിജിലൻസ് സര്‍ക്കാരിന് കൈമാറും.
വിവാഹ വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; അമ്പരന്ന എംവിഡി പിന്നാലെ പാഞ്ഞു!
