കിയ ഇന്ത്യയുടെ എംപിവി കാരെൻസ് മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റുതീർത്തു. 2022 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഈ വാഹനം അതിവേഗം വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി.

ക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ ഇന്ത്യയുടെ എംപിവിയായ കിയ കാരെൻസ് മൂന്നുവർഷത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ എന്ന വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. 2022 ഫെബ്രുവരിയിലാണ് കിയ കാരെൻസ് പുറത്തിറക്കിയത്. കാരെൻസ് അതിന്റെ സെഗ്മെന്‍റിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി മാറിയിരിക്കുന്നു. പ്രീമിയം സവിശേഷതകൾ, മികച്ച ഡിസൈൻ, നൂതന സാങ്കേതികവിദ്യ എന്നിവയാൽ ഇന്ത്യൻ കുടുംബങ്ങളെ ആകർഷിക്കുന്നു. കൂടാതെ അതിന്റെ നീണ്ട സവിശേഷതകളുടെ പട്ടിക, വൈവിധ്യമാർന്ന ക്യാബിൻ, സുഖകരമായ യാത്രാ നിലവാരം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഈ വിൽപ്പന കണക്കിനൊപ്പം, കാരെൻസിനെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകളും കിയ വെളിപ്പെടുത്തി. 

58 ശതമാനം ഉപഭോക്താക്കളും പെട്രോൾ വകഭേദങ്ങൾ വാങ്ങാൻ തീരുമാനിച്ചതായും 32 ശതമാനം ഉപഭോക്താക്കളും ഓട്ടോമാറ്റിക്, ഐഎംടി (ക്ലച്ച്‌ലെസ് മാനുവൽ) ട്രാൻസ്മിഷനുകൾ തിരഞ്ഞെടുത്തതായും കിയ പറയുന്നു. 24 ശതമാനം ഉപഭോക്താക്കളും കാരൻസിന്റെ ടോപ്പ് ട്രിം തിരഞ്ഞെടുത്തു. 7 സീറ്റർ കോൺഫിഗറേഷൻ ഏകദേശം 1,90,000 ആളുകൾ തിരഞ്ഞെടുത്തു. 28 ശതമാനം ഉപഭോക്താക്കളും സൺറൂഫ് ഉള്ള വകഭേദങ്ങൾ തിരഞ്ഞെടുത്തതായും കിയ പറയുന്നു.

70 ൽ അധികം രാജ്യങ്ങളിലേക്ക് 24,064 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് കിയ കാരെൻസ് ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധ നേടിയിട്ടുണ്ട്. ഇത് ബ്രാൻഡിന്റെ ആഗോള സാന്നിധ്യം വികസിപ്പിക്കാൻ സഹായിച്ചു. ലോഞ്ച് ചെയ്തതിനുശേഷം, കിയ ഇന്ത്യയുടെ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ കാരെൻസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കിയ കാരൻസിന് ഒരു പുതിയ പതിപ്പ് ലഭിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ മോഡലിന്‍റെ പരീക്ഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 

കിയ, സമീപഭാവിയിൽ തന്നെ കാരൻസിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, കാരൻസിന്റെ എക്സ്-ഷോറൂം വില 10.60 ലക്ഷം മുതൽ 19.70 ലക്ഷം രൂപ വരെയാണ്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിൽ നിന്നാണ് ഇത് പവർ ലഭിക്കുന്നത്. ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിനുണ്ട്. 

2025 ഫെബ്രുവരിയിൽ കിയ ഇന്ത്യ 23.8% വാർഷിക വളർച്ച രേഖപ്പെടുത്തി, ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ പ്രകടനം തുടർന്നു. കഴിഞ്ഞ മാസം കമ്പനി 25,026 യൂണിറ്റുകൾ വിറ്റു, ഇത് 2024 ഫെബ്രുവരിയിൽ വിറ്റ 20,200 യൂണിറ്റുകളേക്കാൾ വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ.