Asianet News MalayalamAsianet News Malayalam

ടാറ്റയെയും മഹീന്ദ്രയെയും മലര്‍ത്തിയടിച്ച് കിയ; അമ്പരപ്പില്‍ വാഹനലോകം!

രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കള്‍ എന്ന പേര് സ്വന്തമാക്കി കിയ. ചരിത്രത്തിലാദ്യമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

Kia emerges as 3rd largest car maker in India
Author
Mumbai, First Published Mar 3, 2020, 3:51 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ ആദ്യവാഹനമായിരുന്നു സെല്‍റ്റോസ്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്ന് ഇന്ത്യന്‍ നിരത്തുകള്‍ക്ക് പ്രിയങ്കരനായി മാറിയ സെല്‍റ്റോസിന് പിന്നാലെ അടുത്തിടെ രണ്ടാമനായ കാര്‍ണിവലിനെയും കമ്പനി അവതരിപ്പിച്ചു.

ഇപ്പോഴിതാ 2020 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കള്‍ എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ കമ്പനിയായ കിയ. 6. 24 ശതമാനമാണ് കിയയുടെ വിപണിവിഹിതം. പതിവു പോലെ മാരുതി സുസുക്കി ഒന്നാമതും ഹ്യുണ്ടായി രണ്ടാമതുമാണ് പട്ടികയില്‍. ടാറ്റക്കാണ് നാലാം സ്ഥാനം. ചരിത്രത്തിലാദ്യമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

സെല്‍റ്റോസിന് പിന്നാലെ ഇന്നോവയുടെ എതിരാളിയായ കാര്‍ണിവല്‍ കൂടി എത്തിയതോടെയാണ്  ഇന്ത്യന്‍ വിപണിയില്‍ കിയ കൂടുതല്‍ കരുത്തരായത്. ഫെബ്രുവരിയിലെ വാഹനവില്‍പ്പന കണക്കുകള്‍ അനുസരിച്ച് 14,024 യൂണിറ്റ് സെല്‍റ്റോസും 1620 യൂണിറ്റ് കാര്‍ണിവലും ഉള്‍പ്പെടെ  15644 വാഹനങ്ങളാണ് കിയ നിരത്തിലെത്തിച്ചത്. ജനുവരിയിലെ വില്‍പ്പനയെക്കാള്‍ 1.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫെബ്രുവരിയില്‍ കിയ മോട്ടോഴ്‌സിന് ഉണ്ടായിരിക്കുന്നത്. 

വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് കിയ സെല്‍റ്റോസ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് തകര്‍ത്തത്. 

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX+ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും HTX 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുമാണ് ഏറ്റവുമധികം ആളുകള്‍ ബുക്കു ചെയ്തിരിക്കുന്നത്. ഇതിലെ പെട്രോള്‍ വേരിയന്റില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഡീസല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുമാണ് ഉയര്‍ന്ന ഡിമാന്റുള്ളത്. മൂന്ന് മാസമാണ് നിലവിലെ വെയിറ്റിംങ് പീരിയഡ്.

അടുത്തിടെ ഇടി പരീക്ഷയിൽ അഞ്ചു സ്റ്റാറും സ്വന്തമാക്കി സുരക്ഷയില്‍ ഒരു വിട്ടുവീഴ്‍ചക്കുമില്ലെന്ന് ഈ വാഹനം തെളിയിച്ചിരുന്നു.  ഓസ്ട്രേലിയൻ ന്യൂകാർ അസസ്മെന്റ് പ്രോഗ്രാം (എഎൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് കിയ സെല്‍റ്റോസ് സമ്പൂർണ സുരക്ഷിതമാണെന്ന് തെളിഞ്ഞത്. 64 കിലോമീറ്റര്‍ വേഗത്തിൽ ഫ്രണ്ട് ഇംപാക്റ്റ് ടെസ്റ്റിലും 50 കിലോമീറ്റർ വേഗത്തിൽ നടത്തിയ സൈഡ് ഇംപാക്റ്റ് ടെസ്റ്റിലും കിയ സെൽറ്റോസ് കരുത്തു തെളിയിച്ചു. മുതിർന്ന ആളുകൾക്ക് 85 ശതമാനം സുരക്ഷയും കുട്ടികൾക്ക് 83 ശതമാനം സുരക്ഷയും വാഹനം ഉറപ്പു നല്‍കുന്നു.

അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകളും എമർജെൻസി ബ്രേക് സിസ്റ്റവും ലൈൻ കീപ്പ് അസിസ്റ്റുമെല്ലാമുള്ള ഓസ്ട്രേലിയൻ വിപണിയിലെ കിയ സെൽറ്റോസാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ഓസ്ട്രേലിയയും ഇന്ത്യയും കൂടാതെ ദക്ഷിണ കൊറിയ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും വിൽപനയിലുണ്ട്.

കിയയുടെ ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

2020 ദില്ലി ഓട്ടോ എക്സ്പോയിലാണ് കാർണിവൽ എംപിവിയെ കമ്പനി അവതരിപ്പിച്ചത്.  24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മുകളിലായിരിക്കും വിപണിയിൽ കാർണിവലിന്റെ സ്ഥാനം. ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. വിദേശ നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഈ വാഹനം എത്തിയിരുന്നു. 2018 ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നായിരുന്നു കാർണിവൽ. 

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 3,800 rpm -ൽ പരമാവധി  200 എച്ച്പി കരുത്തും 1,500 മുതൽ 2,750 rpm -ൽ  440 എൻഎം  ടോർക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

Follow Us:
Download App:
  • android
  • ios