ദില്ലി: 2020 ജനുവരിയോടെ കിയ മോട്ടോഴ്സ് ഇന്ത്യയുടെ എസ്‌യുവിയായ സെൽറ്റോസിന് വിലയേറും. വർധന എത്രയാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ​ഗണ്യമായ വർധയുണ്ടാകുമെന്നാണ് റിപ്പോർ‌ട്ട്. സെൽറ്റോസിന്റെ എല്ലാ വകഭേദങ്ങളുടെയും വിലയിൽ 
വലിയ വർധനയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.

2019 ഓഗസ്റ്റ് 22നാണ് കിയ മോട്ടോഴ്സ് സെൽറ്റോസ് വിപണിയിൽ അവതരിപ്പിച്ചത്. പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദത്തിന് 9.69 ലക്ഷം രൂപയായിരുന്നു ഷോറൂം വില. ആദ്യ മോഡലെന്ന നിലയിൽ സെൽറ്റോസിന് പ്രഖ്യാപിച്ച ഈ വില പ്രാരംഭ ആനുകൂല്യമാണെന്ന് കിയ മോട്ടോഴ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ എസ്‍യുവിക്ക് വില വർധിപ്പിക്കുമെന്നും കിയ മോട്ടോഴ്സ് സൂചിപ്പിച്ചിരുന്നു.

അതേസമയം, മുമ്പ് പ്രഖ്യാപിച്ച വിലയ്ക്ക തന്നെ ഡിസംബർ 31 വരെ സെൽറ്റോസ് വിൽപ്പന തുടരുമെന്നാണ് വിവരം. അതായത്, ഇക്കൊല്ലം തന്നെ സെൽറ്റോസ് ലഭിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമായിരിക്കും പ്രാരംഭകാല വിലയുടെ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും സൂചനകളുണ്ട്. ജനുവരി ഒന്നിന് വില വർധന പ്രാബല്യത്തിലെത്തുന്നതിനാൽ അതിനു ശേഷം ഡെലിവറി നടക്കുന്ന ‘സെൽറ്റോസി’ന് പുതിയ വിലയാവും കിയ മോട്ടോഴ്സ് ഈടാക്കുക.

Read More:കന്നിയങ്കത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് കിയ, സെല്‍റ്റോസിന്‍റെ കുതിപ്പില്‍ അമ്പരന്ന് വണ്ടിക്കമ്പനികള്‍!

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി ആകെ 16 വകഭേദങ്ങളോടെയായിരുന്നു സെൽറ്റോസിന്റെ അരങ്ങേറ്റം. പരമ്പരാഗത ശ്രേണിയായ എച്ച്ടി ലൈനും സ്പോർട്ടി പതിപ്പായി ജി ടി ലൈനുമാണു കിയ മോട്ടോഴ്സ് അവതരിപ്പിച്ചത്. ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിലും പ്രധാന്യം നല്‍കിയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്കുള്ള ആദ്യ വാഹനം എത്തിച്ചത്. സെപ്റ്റംബറിൽ ഉപയോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്ത് സെൽറ്റോസിന് രണ്ടു മുന്തിയ വകഭേദങ്ങൾ കൂടി കിയ പുറത്തിറക്കി. പെട്രോൾ, ഡീസൽ എൻജിനുകളോടെ ജി ടി എക്സ് പ്ലസ് ആയിരുന്നു കിയ പുറത്തിറക്കിയ മുന്തിയ എസ്‍‍യുവിയിൽ പെട്ട വാഹനം.

നിലവിൽ സെൽറ്റോസിന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ രണ്ടു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, നിസ്സാൻ കിക്സ്, റെനോ ക്യാപ്ചർ, എം ജി ഹെക്ടർ എന്നിവയോടാണ് സെൽറ്റോസിന്റെ മത്സരം. അടുത്ത വർഷത്തോടെ മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ തന്നെ എസ്‍യുവിയായ ക്രേറ്റയുടെ പുതിയ പതിപ്പും സെൽറ്റോസിനെ നേരിടാൻ എത്തും.

രാജ്യത്തെ കാർ നിർമ്മാതാക്കളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയരുന്ന കമ്പനിയാണ് ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായ കിയ മോട്ടോഴ്സ് ഇന്ത്യ. ഫോർഡ്, വോക്സ്‍വാഗൻ, നിസാൻ, റെനോൾട്ട് അടക്കമുള്ള എതിരാളികളെ പിന്തള്ളിയാണ് കിയ മോട്ടോഴ്‍സ് കുതിക്കുന്നത്.