ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ് അടുത്തിടെയാണ് അവതരിപ്പിച്ചത്. ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. അവതരണ വേളയിൽ ഡീസൽ - ഓട്ടമാറ്റിക്/ടർബോ പെട്രോൾ ഡബ്ൾ ക്ലച് ട്രാൻസ്മിഷൻ(ഡി സി ടി) സാധ്യതകളോടെയെത്തുന്ന മുന്തിയ പതിപ്പായ സോണെറ്റ് ജി ടി എക്സ് പ്ലസ് ഒഴികെയുള്ള വകഭേദങ്ങളുടെ വില മാത്രമേ കിയ വെളിപ്പെടുത്തിയിരുന്നുള്ളു.

ഇപ്പോഴിതാ ഈ മോഡലിന്‍റെ വിലയും കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു.  12.89 ലക്ഷം രൂപയാണു സോണെറ്റിന്റെ ഈ  മുന്തിയ വകഭേദത്തിന് ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ടർബോ പെട്രോൾ - മാനുവൽ ട്രാൻസ്മിഷൻ, ഡീസൽ - മാനുവൽ സങ്കലനങ്ങളോടെ ലഭിക്കുന്ന സോണെറ്റ് ജിടി  ലൈനിനെ അപേക്ഷിച്ച് 90,000 രൂപയോളം അധികമാണിത്. സോണെറ്റിന്റെ അടിസ്ഥാന വകഭേദത്തിന് 6.71 ലക്ഷം രൂപയാണു ഷോറൂം വില; അവതരണവേളയിൽ പ്രഖ്യാപിച്ച മുന്തിയ വകഭേദത്തിനാവട്ടെ 11.99 ലക്ഷം രൂപയും.

സോണെറ്റിലെ കാപ്പ, ടി-ജി ഡി ഐ ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിന് 120 പി എസ് വരെ കരുത്തും 172 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സാണു കാറിലുള്ളത്. സോണെറ്റ് ജിടി എക്സ്പ്ലസ് ഡീസലിനു കരുത്തേകുന്നത് 1.5 ലീറ്റർ, നാലു സിലിണ്ടർ എൻജിനാണ്. ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സിനൊപ്പമെത്തുന്ന ഈ എൻജിന് 115 പി എസോളം കരുത്തും 250 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. മാനുവൽ ട്രാൻസ്മിഷനൊപ്പമുള്ള പ്രകടനത്തെ അപേക്ഷിച്ച് 15 പി എസ് കരുത്തും 10 എൻ എം ടോർക്കും അധികമാണിത്. 
‘സോണെറ്റി’ന്റെ ‘ജി ടി ലൈൻ’ പതിപ്പിൽ ഗ്രില്ലിലും വീലിലും ബ്രേക്ക് കാലിപ്പറിലുമൊക്കെ  ചുവപ്പ് ഹൈലൈറ്റ്സ് ഇടംപിടിക്കുന്നുണ്ട്. സവിശേഷ ബംപറിനൊപ്പം റെഡ് കോൺട്രാസ്റ്റ് സഹിതമുള്ള കറുപ്പ് അകത്തളവും ഗ്ലോസ് ബ്ലാക്ക് ഇൻസർട്ടുകളും അലൂമിനിയം പെഡലുകളും ഈ സോണെറ്റിലുണ്ട്. ജി ടി എക്സ് പ്ലസിലാവട്ടെ സ്പോർട് സീറ്റ്, ഡ്രൈവ് - ട്രാക്ഷൻ മോഡ്, വയർലെസ് ചാർജിങ് തുടങ്ങിയവയും ലഭിക്കും. കിടയറ്റ സുരക്ഷയ്ക്കായി മുൻ പാർക്കിങ് സെൻസർ, സൈഡ് - കർട്ടൻ എയർബാഗ്, ബ്രേക്ക് അസിസ്റ്റ്, ഇ എസ് പി തുടങ്ങിയവയും ലഭ്യമാണ്. ഇതിനു പുറമെ ടെക് ലൈൻ പതിപ്പിൽ ലഭ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ജിടിഎക്സ് പ്ലസിൽ നിലനിർത്തിയിട്ടുമുണ്ട്. 

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ സോണറ്റ് കിയയുടെയും വാഹനലോകത്തിന്റെയും കണ്ണുതള്ളിച്ചിരുന്നു. അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു ബുക്കിംഗ്. ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ ആദ്യദിവസം തേടി എത്തിയത്. നിലവില്‍ 25000ത്തില്‍ അധികം ബുക്കിംഗുകളാണ് വാഹനം നേടിയത്. ഒന്നരമാസം വരെയെങ്കിലും വാഹനത്തിനായി ഉടമകള്‍ ബുക്ക് ചെയ്‍ത് കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.