ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമനായ സോണറ്റ് എന്ന സബ് കോംപാക്ട് എസ്‌യുവിയെ ദില്ലി ഓട്ടോ എക്സ്‍പോയിലാണ് പ്രദര്‍ശിപ്പിച്ചത്. ഈ വാഹനം ഓഗസ്റ്റില്‍ നിരത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന സോണറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

മൂടികെട്ടിയ നിലയിലാണ് സോണറ്റ് പരീക്ഷണയോട്ടം. മിഡില്‍ വേരിയന്റിലുള്ള വാഹനമാണിതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയതില്‍ നിന്ന് വ്യത്യസ്തമായി സാധാരണ അലോയി വീലുകളാണ് ഇതിലുള്ളത്. മറ്റ് ഫീച്ചറുകളെല്ലാം കണ്‍സെപ്റ്റ് മോഡലുമായി സാമ്യം തോന്നിക്കുന്നവയാണ്. 

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ കമ്പനിയാണ് കിയ. അതുകൊണ്ടു തന്നെ പ്ലാറ്റ്‌ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ സോണറ്റ് എത്തുക.  ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് എത്തുക. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 

ബ്ലാക്ക് ക്ലാഡിങ്ങ്, വീല്‍ ആര്‍ച്ച്, സൈഡ് ഗ്ലാസിലേക്ക് നീളുന്ന സ്ലോപ്പിങ്ങ് റൂഫ് എന്നിവയാണ് വശങ്ങളിലെ ഡിസൈന്‍ ഹൈലൈറ്റ്. ടെയില്‍ ലൈമ്പ്, എല്‍ഇഡി ട്രിപ്പ്, സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന  റെനോ എച്ച്ബിസി തുടങ്ങിയ വാഹനങ്ങളായിരിക്കും സോണറ്റിന്റെ മുഖ്യ എതിരാളികള്‍.