Asianet News MalayalamAsianet News Malayalam

സോണറ്റിന്‍റെ പരീക്ഷണയോട്ടം വീണ്ടും തുടങ്ങി കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റ് സബ്-കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണയോട്ടം കമ്പനി പുനരാരംഭിച്ചു. 

Kia Sonet Spotted Testing In Production
Author
Mumbai, First Published Jun 15, 2020, 2:42 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റ് സബ്-കോംപാക്ട് എസ്‌യുവിയുടെ പരീക്ഷണയോട്ടം കമ്പനി പുനരാരംഭിച്ചു. ഹരിയാനയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

DCV ബൈക്ക്‌സ് എന്ന യുട്യൂബ് ചാനലാണ് പരീക്ഷണയോട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്‍വശം പൂര്‍ണമായും മറച്ചിട്ടുണ്ടെങ്കിലും വളരെ ഷാര്‍പ്പ് ആയിട്ടുള്ള സൈഡ് പ്രൊഫൈല്‍ കാണാന്‍ സാധിക്കും. വിന്‍ഡോ ലൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് ചിത്രങ്ങളിൽ കാണാന്‍ സാധിക്കുന്ന മറ്റ് സവിശേഷതകള്‍. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിരുന്നു. 

ജൂണ്‍ മാസത്തില്‍ നിരത്തിലെത്തേണ്ട ഈ വാഹനത്തിന്റെ വരവ് ഉത്സവ സീസണിലേക്ക് നീട്ടിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊറോണ  ഭീഷണിയെ തുടര്‍ന്നാണ് വാഹനത്തിന്‍റെ അവതരണം നീട്ടിയത്.  ഓരോ ആറ് മാസത്തിലും പുതിയ മോഡലുകളെത്തിക്കുമെന്ന കിയയുടെ ഉറപ്പനുസരിച്ച് ജൂണ്‍ മാസത്തിന് മുമ്പ് എത്തുമെന്നായിരുന്നു പ്രതീക്ഷ.

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. ബോള്‍ഡ് ആയിട്ടുള്ള ഡിസൈനിങ്ങാണ് ഈ വാഹനത്തിന്. കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐ-ലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. ടെയില്‍ ലാമ്പ്, എല്‍ഇഡി സ്ട്രിപ്പ്, സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ പിന്നിലും നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വിയായ വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമും എഞ്ചിൻ ഗിയർബോക്സ് കോമ്പിനേഷൻസും ആയിരിക്കും ഉണ്ടായിരിക്കുക. കോംപാക്ട് എസ് യു വി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത് കൊണ്ട് നാലു മീറ്ററിൽ താഴെ മാത്രം നീളമുള്ള വാഹനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഇളവുകളും മറ്റു ആനുകൂല്യങ്ങളെല്ലാം ഈ വാഹനത്തിന് ലഭിക്കും. എൻജിനും പ്ലാറ്റ്ഫോമും വെന്യുവിന്റെത് തന്നെയാണെങ്കിലും വെന്യുവിനേക്കാൾ മസ്കുലർ ആയ ഒരു ഡിസൈൻ ആയിരിക്കും സോണററ്റിന്.

മൂന്നു എഞ്ചിൻ ഓപ്ഷൻസ് ആയിരിക്കും ലഭ്യമാവുക. 1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയായിരിക്കും ഈ വാഹനത്തിന് ഉണ്ടാവുക ഇതിൽ 1.2 ലിറ്റർ പെട്രോൾ എൻജിൻ 5 സ്പീഡ് മാന്വൽ ഗിയർ ബോക്സും ആയിട്ടും, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 6 സ്പീഡ് മാന്വൽ / 7 സ്‍പീഡ് ഡി സി ടി ഗിയർ ബോക്സോടു കൂടിയും, 1.5 ലിറ്റർ ഡീസൽ എൻജിൻ 6 സ്പീഡ് മാന്വൽ ഗിയർബോക്സോടു കൂടിയും നിരത്തിൽ എത്തും. ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് ഗിയർ നൽകാനുള്ള സാധ്യതയുമുണ്ട്.

കിയാ സെൽട്ടോസിൽ ഉള്ളതുപോലെ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, സൺറൂഫ് മുതലായവ ഈ വാഹനത്തിലും ഉണ്ടാവും.  ഹ്യുണ്ടായ് വെന്യുവിനെപോലെ ഇതുമൊരു കണക്ടഡ് കാർ ആയി തന്നെ അവതരിപ്പിക്കാനാണ് സാധ്യത. 

മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന  റെനോ എച്ച്ബിസി തുടങ്ങിയ വാഹനങ്ങളായിരിക്കും സോണറ്റിന്റെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios