തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് ശേഷം ഹെവി വാഹനം ഓടിക്കാനായി ബിജു പ്രഭാകര്‍ ഐഎഎസ് തെരഞ്ഞെടുത്തത് ആനവണ്ടി. കെഎസ്ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സീറ്റിലുമെത്തിയത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ബസാണ് ബിജു പ്രഭാകര്‍ ഓടിച്ചത്. കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി വാഹനം ഓടിക്കുന്ന ബിജുപ്രഭാകറിന്‍റെ വീഡിയോ കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജാണ് പങ്കുവച്ചത്. നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവിവാഹനം ഓടിക്കാൻ ബാഡ്ജും ലൈസൻസും ഇദ്ദേഹത്തിനുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. 

കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലെ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിന്‍റെ പൂര്‍ണരൂപം

വാഹനങ്ങൾ ഓടിക്കുക എന്നത് ഒരു കലയാണ്... ചിലർക്ക് അത് ജോലിയും കൂടിയാണ്...

കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്റർ കെ.എസ്.ആർ.ടി സി യാണ്. പൊതുജനങ്ങളുമായി ഇടപെടുന്ന ഈ സ്ഥാപനത്തിന്റെ സാരഥ്യത്തിലേക്ക് വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ കടന്നു വന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യുടെ പൈതൃകം നോക്കിയാൽ ആദ്യത്തെ സാരഥി ആയ ഇ. ജി. സാൾട്ടർ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ സർക്കാർ പൊതു ഗതാഗതത്തിന് തുടക്കം കുറിച്ചതു തന്നെ. പിൻഗാമികളായി നാളിതു വരെ വന്നവരിൽ നന്നായി കോർപ്പറേഷനെ നയിച്ചവർ ഉണ്ടായിരുന്നെങ്കിലും ബസ് ഓടിക്കാൻ അറിയാവുന്നവർ വിരളമായിരുന്നു, ഇല്ല എന്നു തന്നെ പറയാം...

ഞങ്ങൾ ഈ വീഡിയോയിലൂടെ ഒരു ഡ്രൈവറെ അവതരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന തരത്തിൽ ഹെവിവാഹനം ഓടിക്കാൻ ബാഡ്ജും ലൈസൻസും ഉണ്ട്, കൂടെ അധിക യോഗ്യതയായി IAS ഉം...

ആ ഡ്രൈവറെ അഭിമാന പുരസ്സരം നിങ്ങൾക്ക് മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുന്നു...

ടീം കെഎസ്ആർടിസി.