Asianet News MalayalamAsianet News Malayalam

490 അഡ്വഞ്ചര്‍ ബൈക്ക് വികസിപ്പിക്കാന്‍ ഓസ്‍ട്രിയന്‍ കമ്പനിയായ കെടിഎം

കെടിഎമ്മിന്റെ പുതിയ 500 സിസി പാരലല്‍ ട്വിന്‍ എന്‍ജിനായിരിക്കും പുതിയ സാഹസിക മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. 

KTM to develop 490 Adventure bike
Author
Mumbai, First Published Dec 29, 2019, 11:22 PM IST

490 അഡ്വഞ്ചര്‍ ബൈക്ക് വികസിപ്പിക്കാന്‍ ഓസ്‍ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ കെടിഎം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്‍റെ സമാന രൂപകല്‍പ്പനയോടെയായിരിക്കും 490 അഡ്വഞ്ചര്‍ വരുന്നത്.  2020-21ല്‍ വാഹനം നിരത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെടിഎമ്മിന്റെ പുതിയ 500 സിസി പാരലല്‍ ട്വിന്‍ എന്‍ജിനായിരിക്കും പുതിയ സാഹസിക മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. ഇന്ത്യ പോലുള്ള വികസ്വര വിപണികള്‍ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതാണ് ഈ പ്ലാറ്റ്‌ഫോം.

കെടിഎം വികസിപ്പിച്ച 500 സിസി പ്ലാറ്റ്‌ഫോം മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റില്‍ ബജാജ് ഓട്ടോ ആയിരിക്കും നിര്‍മിക്കുന്നത്. ഈ പുതിയ 500 സിസി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി വിവിധ മോഡലുകള്‍ നിര്‍മിക്കും. 490 അഡ്വഞ്ചര്‍, സൂപ്പര്‍മോട്ടോ ഡുവല്‍ പര്‍പ്പസ്, നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ (ഡ്യൂക്ക്), സൂപ്പര്‍സ്‌പോര്‍ട്ട് (ആര്‍സി) ബൈക്കുകളായിരിക്കും വിപണിയിലെത്തുന്നത്.

390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെക്കാള്‍ ബോഡി അനുപാതങ്ങള്‍ അല്‍പ്പം കൂടുതലായിരിക്കും. എന്‍ജിന്‍ തന്നെയായിരിക്കും പ്രധാന വ്യത്യാസം. ഈ മോട്ടോര്‍ 60 നും 70 നുമിടയില്‍ ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ് എന്നിവ നല്‍കിയിരിക്കും. ഡ്യൂക്ക്, ആര്‍സി വേര്‍ഷനുകളായിരിക്കും ആദ്യം വിപണിയിലെത്തിക്കുന്നത് എന്ന് കരുതുന്നു. തുടര്‍ന്ന് അഡ്വഞ്ചര്‍ പതിപ്പ് പുറത്തിറക്കും.

അടുത്തിടെയാണ് ഇന്ത്യന്‍ നിര്‍മിത 390 അഡ്വഞ്ചറിനെ  കെടിഎം അവതരിപ്പിക്കുന്നത്. ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിലായിരുന്നു വാഹനത്തിന്‍റെ അരങ്ങേറ്റം. ദീർഘദൂര യാത്രകൾക്കും ഓഫ് റോഡിംഗിനും അനുയോജ്യമായ ബൈക്കാണ് 390 അഡ്വഞ്ചർ. ലോംഗ് ട്രാവൽ സസ്‌പെൻഷൻ, ഉയർന്ന ഗ്രൗണ്ട്‌ ക്ലിയറൻസ്, എഞ്ചിൻ ബാഷ് പ്ലേറ്റ്, നക്കിൾ ഗാർഡുകൾ, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, നോബി ടയറുകൾ എന്നിവ ബൈക്കിന്റെ ഫീച്ചറുകളാണ്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ നിര്‍മിത കെടിഎം 390 അഡ്വഞ്ചര്‍ അവതരിക്കുന്നത്. 390 ഡ്യൂക്കിന്റെ ഓഫ് റോഡര്‍ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍.

കെടിഎം 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലിയും പുതിയ 390 അഡ്വഞ്ചറിനെ വേറിട്ടതാക്കുന്നു. ബിഎസ്6 നിലവാരത്തിലുള്ള 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് അഡ്വഞ്ചറിന്‍റെ ഹൃദയം. 9000 rpm-ൽ 44 എച്ച്പി കരുത്തും 7000 rpm-ൽ 37 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും വാഹനത്തിലുണ്ട്.

സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിനെ ആകര്‍ഷകമാക്കും.  

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയിമിലാണ് അഡ്വഞ്ചര്‍ പതിപ്പും. 858 എംഎം ആണ് വാഹനത്തിന്റെ സീറ്റ് ഹൈറ്റ്. മികച്ച റൈഡിങ് പൊസിഷനും 390 അഡ്വഞ്ചറില്‍ കെടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്. റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം  (158 കിലോഗ്രാം) ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടും. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍.

മുന്നില്‍ 43 എംഎം ഡുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. അതുപോലെ മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 230 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ. സ്വിച്ചബിള്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്. ബിഎംഡബ്ല്യു ജി 310 ജിഎസ്, കവസാക്കി വെര്‍സിസ് എക്‌സ് 300, ബെനെലി ടിആര്‍കെ 502 തുടങ്ങിയവരാണ് 390 അഡ്വഞ്ചറിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികള്‍.

Follow Us:
Download App:
  • android
  • ios