ടൊയോട്ട വെൽഫയറിന്റെ അഭിമാന ഉടമകളായ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള ശ്രദ്ധേയരായ ചില വ്യക്തികളെ അറിയാം

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ അത്യാഡംബര എംപിവി ആയ വെല്‍ഫയറിനെ 2020 ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വിപണയിൽ അവതരിപ്പിച്ചത്. ടൊയോട്ടയുടെ ആഗോള പോർട്ട്‌ഫോളിയോയിൽ നിന്നുള്ള ഏറ്റവും ചെലവേറിയതും അതുല്യമായ ശൈലിയിലുള്ളതുമായ എംപിവി മോഡലാണ് വെല്‍ഫയര്‍.

ടൊയോട്ട വെൽഫയറിന്റെ ഹൈലൈറ്റുകൾ അതിന്റെ സവിശേഷമായ ബോക്‌സി എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന രൂപകൽപ്പനയും അത് പ്രദാനം ചെയ്യുന്ന പരമോന്നത സുഖവും ആഡംബരവുമാണ്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി, 50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

ചുരുങ്ങിയ കാലത്തിനുള്ളില്‍ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനമായി മാറി ഒരു കോടിയിലധികം വിലവരുന്ന ഈ ആഡംബര എംപിവി. സുഖ സൌകര്യങ്ങള്‍ കൊണ്ട് ഈ മോഡല്‍ സിനിമാ വ്യവസായത്തിൽ നിന്നുള്ള ചില പ്രശസ്‍ത അഭിനേതാക്കളെ ആകർഷിക്കുന്നു. ടൊയോട്ട വെൽഫയറിന്റെ അഭിമാന ഉടമകളായ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള ശ്രദ്ധേയരായ ചില വ്യക്തികളെ അറിയാം

മോഹൻലാൽ
ചലച്ചിത്ര ഇതിഹാസം മോഹൻലാൽ ടൊയോട്ട വെൽഫയർ സ്വന്തമായുള്ള തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള നടന്മാരിൽ ഒരാളാണ്. വെള്ള നിറത്തിലുള്ള വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.

അനിൽ കപൂർ
ഈ ഐതിഹാസിക മുതിർന്ന നടന് തീർച്ചയായും വാഹന സ്റ്റൈലിനെക്കുറിച്ച് മികച്ച ധാരണയുണ്ട്. കഴിഞ്ഞ തലമുറയിലെ ടാറ്റ സഫാരി സ്റ്റോം ഉൾപ്പെടെ നിരവധി കാറുകൾ അനിൽ കപൂറിന് സ്വന്തമായിട്ടുണ്ട്. അടുത്തിടെ കറുത്ത നിറമുള്ള ടൊയോട്ട വെൽഫയറിലും അദ്ദേഹം നിരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അജയ് ദേവ്ഗൺ
ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അജയ് ദേവ്ഗൺ തന്റെ വരാനിരിക്കുന്ന സിനിമകളിലൊന്നിന്റെ ട്രെയിലർ ലോഞ്ച് ഇവന്റിൽ വെള്ള നിറത്തിലുള്ള ടൊയോട്ട വെൽഫയറിൽ എത്തുന്നത് അടുത്തിടെ കണ്ടെത്തി. റോൾസ് റോയ്‌സ് കള്ളിനൻ, ബിഎംഡബ്ല്യു എക്‌സ്7, ബിഎംഡബ്ല്യു 7-സീരീസ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് തുടങ്ങിയ മറ്റ് ചില ആഡംബര കാറുകളും അജയ് ദേവ്ഗണിന്റെ പക്കലുണ്ട്.

മാസ് ഉറപ്പ്, ക്ലാസും; ഇന്നോവയുടെ വല്ല്യേട്ടനെ സ്വന്തമാക്കി ഹിറ്റ് മേക്കര്‍ ജോഷി!

ആമിർ ഖാൻ
ബോളിവുഡിലെ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ തന്റെ വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മറ്റെന്തിനേക്കാളും സുഖവും ആഡംബരവുമാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹം അടുത്തിടെ ഒരു കറുത്ത നിറമുള്ള ടൊയോട്ട വെൽഫയർ സ്വന്തമാക്കി. വെൽഫയറിന് പുറമെ ബെന്‍റ്ലി ഫ്ലൈയിംഗ് സ്പർ, മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് എസ്600, റോൾസ് റോയ്‌സ് ഗോസ്റ്റ് എന്നിവയും ആമിറിന്‍റെ ഗാരേജിലുണ്ട്. 

ചിലംബരസൻ
ചലച്ചിത്ര നിർമ്മാതാവ് ഡോ. ഇഷാരി കെ ഗണേഷ്, ഏറ്റവും പുതിയ ചിത്രമായ 'വെന്ത് തനിന്തത് കാടു' എന്ന ചിത്രത്തിനായി നടൻ ചിലംബരസൻ ടിആറിന് ഒരു പുതിയ ടൊയോട്ട വെൽഫയർ സമ്മാനിച്ചു. സിനിമയുടെ വിജയത്തിന് പിന്നാലെയാണ് താരത്തിന് കാർ സമ്മാനമായി ലഭിച്ചത്.

ഫഹദ് ഫാസിൽ
ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള വെള്ള നിറത്തിലുള്ള വെൽഫയർ പോർഷെ 911 കരേര എസ്, മെഴ്‌സിഡസ് ബെൻസ് ഇ63 എഎംജി, ലംബോർഗിനി ഉറസ് എന്നിവയുമായി ഗാരേജ് പങ്കിടുന്നു.

നിവിൻ പോളി
മെറൂണ്‍ ബ്ലാക്ക് നിറത്തിലുള്ള വെല്‍ഫയറാണ് നിവിന്‍ പോളിയുടേത്. പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക് ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് ഫുട് റെസ്റ്റ് സംവിധാനമുള്ള വെന്‍റിലേറ്റഡ് സീറ്റുകള്‍, ആംബിയന്‍റ് ലൈറ്റിംഗ്, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍റര്‍ടെയ്‍‍മെന്‍റ് സ്ക്രീന്‍, വൈഫൈ ഹോട്ട്സ്പോട്ട്, 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് വീലുകള്‍, ലെതര്‍ ഇന്‍റീരിയ എന്നിവയൊക്കെ വെല്‍ഫയറിന്‍റെ പ്രത്യേകതകളില്‍ ചിലത് മാത്രം.