മഹാരാഷ്ട്രയിൽ ഇലക്ട്രിക്, സിഎൻജി കാറുകളുടെ നികുതി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് പ്രഖ്യാപനം. പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

ഹാരാഷ്‍ട്രയിൽ ഇലക്ട്രിക്, സിഎൻജി കാറുകളുടെ നികുതി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി അജിത് പവാർ അവതരിപ്പിച്ച ബജറ്റിൽ സിഎൻജി, എൽപിജി വാഹനങ്ങളുടെ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. വ്യക്തിഗത ഉപയോഗത്തിനുള്ള നോൺ-ട്രാൻസ്പോർട്ട് ഫോർ വീലറുകൾക്ക് ഈ തീരുമാനം ബാധകമാകും. അതായത് മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ ഇലക്ട്രിക്, സിഎൻജി കാറുകൾക്ക് വില കൂടും.

മഹാരാഷ്ട്ര സർക്കാർ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് കഴിഞ്ഞദിവസം അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ആറ് ശതമാനം മോട്ടോർ വാഹന നികുതി ചുമത്താനുള്ള നിർദ്ദേശം ബജറ്റ് നൽകിയിട്ടുണ്ട്. അത് വരും ദിവസങ്ങളിൽ നടപ്പിലാക്കും. അതേസമയം, സിഎൻജി വാഹനങ്ങൾക്ക് ഒരു ശതമാനം മോട്ടോർ വാഹന നികുതി ഏർപ്പെടുത്താനും തീരുമാനിച്ചു. മോട്ടോർ വാഹനങ്ങളുടെ നികുതി നിരക്ക് വർധനവ് കാരണം, 2025-26 സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ വരുമാനം 150 കോടി രൂപ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

30 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ നികുതി ബാധകമാകൂ എന്ന് സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 30 ലക്ഷം രൂപയിൽ താഴെയുള്ള തുകകൾക്ക് പഴയ നികുതി നിയമങ്ങൾ ബാധകമായി തുടരും. ബാക്കിയുള്ള പുതിയ നികുതികൾ 2025 ഏപ്രിൽ ഒന്നുമുതൽ സർക്കാർ നടപ്പിലാക്കും. നിലവിൽ മഹാരാഷ്ട്രയിൽ, സ്വകാര്യ നോൺ-ട്രാൻസ്പോർട്ട് ഫോർ വീലർ സിഎൻജി, എൽപിജി കാറുകൾക്ക് അവയുടെ വിലയെ ആശ്രയിച്ച് 7 മുതൽ 9 ശതമാനം വരെ മോട്ടോർ വാഹന നികുതി ഈടാക്കുന്നുണ്ട്.

നിർമ്മാണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 7 ശതമാനം നികുതി ചുമത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഏകദേശം 180 കോടി രൂപയുടെ അധിക വരുമാനത്തിന് കാരണമാകും. ഇതിനുപുറമെ, 7,500 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്ന ലൈറ്റ് ഗുഡ്സ് വാഹനങ്ങൾക്ക് (LGV) 7 ശതമാനം നികുതി സർക്കാർ പ്രഖ്യാപിച്ചു. ഇതുവഴി സംസ്ഥാനത്തിന് ഏകദേശം 625 കോടി രൂപയുടെ വരുമാനം ലഭിക്കും.

അതേസമയം ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി, എൽപിജി വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കാനുള്ള ഈ തീരുമാനം വരുമാനം വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. എങ്കിലും ഇത് ഇലക്ട്രിക് വാഹന വാങ്ങുന്നവർക്ക്, പ്രത്യേകിച്ച് ആഡംബര ഇവി വിഭാഗത്തിലെ ഉപഭോക്താക്കൾക്ക് ചില അധിക ചിലവുകൾക്ക് കാരണമായേക്കാം.