Asianet News MalayalamAsianet News Malayalam

ആ സഖ്യം പൊളിഞ്ഞു; മഹീന്ദ്രയുമായി കൂട്ടുകൂടാനില്ലെന്ന് ഫോര്‍ഡ്!

എന്നാല്‍ ഇത് ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ തീരുമാനത്തില്‍നിന്നു ഇരുകമ്പനികളും പിന്‍മാറിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

Mahindra Ford joint venture called off
Author
Mumbai, First Published Jan 1, 2021, 4:47 PM IST

ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും ഒന്നിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ തീരുമാനത്തില്‍നിന്നു ഇരുകമ്പനികളും പിന്‍മാറിയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്‌റ്റേജ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും നേരത്തെ ഒപ്പുവെച്ചരുന്നു. മാത്രമല്ല ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായും മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. 2017-ല്‍ പ്രഖ്യാപിച്ച് 2019 ല്‍ ആണ് ഇരുകമ്പനികളും തമ്മില്‍ കരാറിലെത്തിയത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇത് സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നു ഫോര്‍ഡും മഹീന്ദ്രയും. എന്നാല്‍, ഡിസംബര്‍ 31-ഓടെ ഇരുകമ്പനികളും തമ്മിലുണ്ടായിരുന്ന ഈ കരാറിന്റെ കാലാവധി അവസാനിച്ചു. ഇതോടെയാണ് ഈ കൂട്ടുകെട്ട് ഇനി സംഭവിക്കില്ലെന്ന് ഉറപ്പാകുന്നത്.

ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആരംഭിക്കുന്ന പുതിയ കമ്പനിയില്‍ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമായിരിക്കും എന്നായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള ധാരണ. ഫോര്‍ഡിന്റെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമെന്നും സൂചനയുണ്ടായിരുന്നു. മാത്രമല്ല കരാര്‍ അനുസരിച്ച് ഫോര്‍ഡിന്റെ സാങ്കേതികവിദ്യകള്‍ മഹീന്ദ്രയുമായി പങ്കുവയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്രയ്ക്ക് ഇന്ത്യയിലുടനീളം വലിയ വില്‍പ്പന ശൃംഖലയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തി വില്‍പ്പന വര്‍ധിപ്പിക്കുകയായിരുന്നു ഫോര്‍ഡിന്റെ ലക്ഷ്യം. മാത്രമല്ല ഇരു കമ്പനികളും ചേര്‍ന്ന് സാങ്‌യോങ് എക്‌സ് 100 പ്ലാറ്റ്‌ഫോമില്‍ പുതിയ  മിഡ് സൈഡ് എസ്‍യുവി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios