മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് കമ്പനിയായ പ്യൂഷേ മോട്ടോര്‍സൈക്കിള്‍സ് അടുത്തിടെയാണ് മെട്രോപോളിസ് എന്ന ത്രീ വീല്‍ മാക്സി സ്‌കൂട്ടര്‍ ഫ്രാന്‍സില്‍  പുറത്തിറക്കിയത്. സ്‌കൂട്ടറിനെക്കുറിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. 

ഈ ത്രീ വീലര്‍ സ്‌കൂട്ടര്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹന വ്യൂഹത്തില്‍ ഇടംനേടി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവച്ചതും. എലിസി പാലസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്യൂഷെ മെട്രോപൊളീസ് സ്‌കൂട്ടറിന്റെ ചിത്രം ഉള്‍പ്പെടെ മഹീന്ദ്ര ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ മേധാവി ട്വീറ്റ് ചെയ്തിരുന്നു. പ്യൂഷോ മോട്ടോര്‍സൈക്കിള്‍ ഒരു മികച്ച കമ്പനിയായി മുന്നേറുകയാണെന്ന തലകെട്ടോടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഫ്രാന്‍സില്‍ മെട്രോപോളിസ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിലെ വാഹന വ്യൂഹത്തിലേക്കാണ് ഈ സ്‌കൂട്ടര്‍ എത്തിയിട്ടുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാങ്ഡോംഗ് നഗരത്തിലെ പൊലീസ് ഫ്‌ളീറ്റിലും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഈ സ്‍കൂട്ടറിനെ ഉള്‍പ്പെടുത്തിയിരുന്നു. 

35 bhp കരുത്തും 38 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 400 സിസി പവര്‍മോഷന്‍ LFE എഞ്ചിന്‍ ലഭിക്കുന്ന ബോള്‍ഡ് ലുക്കിംഗ് സ്‌കൂട്ടറാണ് പൂഷോ മെട്രോപോളിസ്. മെട്രോപോളിസ് സ്‌കൂട്ടറിലെ ഒരു സവിശേഷതയാണ് ആന്റി-ലോക്ക് ബ്രേക്കുകള്‍.

ത്രീ-വീൽ മാക്സി സ്കൂട്ടർ, മെട്രോപോളിസിന് ആകർഷകമായ രൂപമുണ്ട്, കൂടാതെ നഗര യാത്രാമാർഗ്ഗം എന്ന ലക്ഷ്യവുമുണ്ട്.  339 സിസി ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 35 എച്ച്പി കരുത്തും 38 എൻഎം ടോർക്കുമാണ് എഞ്ചിൻ ഉദ്പാദിപ്പിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള മെട്രോപോലിസിന് 256 കിലോയാണ് ഭാരം. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതയായി എബി‌എസും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്യൂഷെ മോട്ടോര്‍ സൈക്കിളിന്റെ 51 ശതമാനം ഓഹരികളും 2015-ല്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. മഹീന്ദ്ര റൈസിനു കീഴിലാണ് പ്യൂഷെയിൽ വാഹനനിർമാണം നടക്കുന്നത്.  ആഗോള വിപണിയിൽ ത്രിചക്ര സ്കൂട്ടർ ഇടം ചെറുതാണെങ്കിലും മത്സരാധിഷ്ഠിതമാണ്. യമഹ ട്രൈസിറ്റി 300 ഉള്‍പ്പെടെയുള്ളവരാണ് നിരത്തിലും വിപണിയിലും മെട്രോപോലിസിന്‍റെ പ്രധാന എതിരാളികള്‍.  

അടുത്തിടെ മഹീന്ദ്ര ചെയർമാനും സി.ഇ.ഒയുമായ ആനന്ദ് മഹീന്ദ്ര മെട്രോപൊലിസിന്റെ വീഡിയൊ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. സിംഹം അലറുന്നു എന്ന തലക്കെട്ടോടെ ആയിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. മെട്രോപോലിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ആനന്ദ് മഹീന്ദ്രയും സംഘവും അതിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനത്തിലായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.