മാരുതി സുസുക്കിക്ക് പിന്നാലെ പാസഞ്ചർ വാഹന വിഭാഗത്തിലെ വില്‍പ്പന കണക്കുകളില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. റെഗുലേറ്ററി ഫയലിംഗിന്‍റെ അടിസ്ഥാനത്തില്‍ പുറത്തു വന്ന 2020 ഫെബ്രുവരി മാസത്തിലെ വില്‍പ്പന കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

മുൻവർഷത്തെ അപേക്ഷിച്ച് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 58.11 ശതമാനം ഇടിവാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽ യൂട്ടിലിറ്റി വാഹനങ്ങൾ, കാറുകൾ, വാനുകൾ എന്നിവയുൾപ്പെടെ 10,938 യൂണിറ്റുകള്‍ വിറ്റുപോയതായി മഹീന്ദ്ര പറഞ്ഞു. 

മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗത്തിലെ വിൽ‌പ്പന 25.04 ശതമാനം ഇടിഞ്ഞ്‌ 15,856 വാഹനങ്ങളാവുകയും ചെയ്തു. ഇടത്തരം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ 436 വാഹനങ്ങൾ ഈ മാസം വിറ്റതായി വാഹന നിർമാതാക്കള്‍ അറിയിച്ചു. ആഭ്യന്തര വിപണിയിലെ വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ മൊത്ത വാഹന വിൽപ്പന ഫെബ്രുവരിയിൽ 42.10 ശതമാനം ഇടിഞ്ഞ് 32,476 വാഹനങ്ങളായി.

വാങ്ങാനാളില്ല, ഇടിഞ്ഞുതാഴ്‍ന്ന് മാരുതിയുടെ വണ്ടിക്കച്ചവടം!

ഉപഭോഗം വര്‍ധിപ്പിക്കാനുളള സര്‍ക്കാര്‍ നടപടികളും വില്‍പ്പന ഉയര്‍ത്താനുളള വാഹന നിര്‍മാതാക്കളുടെ ഇടപെടലുകളും ഫലം കാണുന്നില്ലെന്ന സൂചനയാണ് 2020 ഫെബ്രുവരി മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍ നല്‍കുന്നത്.