രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷയുടെ നിര്‍മാണം ശക്തിപ്പെടുത്താൻ പോകുന്നു. ഭാവിയില്‍ പ്രതിമാസം 10000 ഇലക്ട്രിക് ഓട്ടോറിക്ഷ ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനവിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി നല്‍കുന്ന റിപ്പോർട്ട്. മഹീന്ദ്രയില്‍ നിന്നും നിലവിൽ മഹീന്ദ്ര ട്രിയോ, ട്രിയോ യാരി എന്നീ ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് പുറത്തിറങ്ങുന്നത്. 

2.70 ലക്ഷം രൂപയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ട്രിയോയുടെ വില. ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലിഥിയം അയോണ്‍ ബാറ്ററി ആണ് ഇലക്ട്രിക് ത്രീവീലർ ട്രിയോ ഉപയോഗിക്കുന്നത്. ട്രിയോയ്ക്ക് ചലനമേകുന്നത് ബാറ്ററിയില്‍ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്. ആറ്റം എന്ന പേരില്‍ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര പ്രദര്‍ശനത്തിനെത്തിച്ചിരുന്നു.

ട്രിയോ ഡ്രൈവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ട്രിയോയില്‍ 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. രണ്ടും ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ ലഭ്യമാകും. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്ററും ട്രിയോ യാരിയില്‍ 120 കിലോമീറ്ററും സഞ്ചരിക്കാം.