Asianet News MalayalamAsianet News Malayalam

കൊവിഡ് ചതിച്ചു; മോഹവിലയുള്ള ആ മഹീന്ദ്രയുടെ മോഡല്‍ എത്താന്‍ വൈകും

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ പെര്‍ഫോമെന്‍സ് പതിപ്പിന്‍റെ വിപണി പ്രവേശം നീളുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണാണ് അവതരണം വൈകുന്നതിനു പിന്നില്‍.

Mahindra XUV300 Sportz Launch Postponed
Author
Mumbai, First Published May 2, 2020, 10:32 AM IST

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്‌സ്‌യുവി 300ന്‍റെ പെര്‍ഫോമെന്‍സ് പതിപ്പിന്‍റെ വിപണി പ്രവേശം നീളുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണാണ് അവതരണം വൈകുന്നതിനു പിന്നില്‍.

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനം ഏപ്രിലില്‍ വിപണിയില്‍ എത്തും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എക്‌സ്‌യുവി 300-ന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും കൂടുതല്‍ കരുത്തിലും സ്‌പോര്‍ട്ടി ഭാവത്തിലും പെര്‍ഫോമെന്‍സ് മോഡലാകുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

മഹീന്ദ്രയുടെ എംസ്റ്റാലിയോണ്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയം. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. റെഗുലര്‍ എക്‌സ്‌യുവിയേക്കാള്‍ 20 ബിഎച്ച്പി അധിക പവറും 30 എന്‍എം ടോര്‍ക്കും ഈ വാഹനത്തിന് കൂടുതലുണ്ട്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

വാഹനത്തിന്റെ ഡിസൈനില്‍ കാര്യമായ മാറ്റമില്ലെങ്കിലും ഏതാനും മോടിപിടിപ്പിക്കല്‍ നടത്തിയിട്ടുണ്ട്. റെഡ് ബ്രേക്ക് കാലിപ്പേഴ്‌സ്, പുതിയ ബോഡ് ഗ്രാഫിക്‌സ്, ഡോറില്‍ സ്‌പോര്‍ട്‌സ് ബാഡ്ജിങ്ങ്, എന്നിവ എക്‌സ്റ്റീരിയറിലും ബ്ലാക്ക് ഫിനീഷിങ്ങും ഡാഷ്‌ബോര്‍ഡിലും സീറ്റുകളിലും നല്‍കിയിട്ടുള്ള റെഡ് സ്റ്റിച്ചിങ്ങ് ഇന്റീരിയറിലും പുതുമയൊരുക്കും.

എക്‌സ്‌യുവി 300-ന്റെ ഉയര്‍ന്ന വേരിയന്റിനെയാണ് സ്‌പോര്‍ട്‌സ് പതിപ്പാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ഈ വകഭേദത്തിലെ മറ്റ് ഫീച്ചറുകള്‍ സ്‌പോര്‍ട്‌സ് എഡിഷനിലും പ്രതീക്ഷിക്കാം. പെര്‍ഫോമെന്‍സ് എഡിഷന്‍ ആയതിനാല്‍ തന്നെ ഈ വാഹനത്തില്‍ കാര്യമായ സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുമെന്നും സൂചനയുണ്ട്. എക്‌സ്‌യുവി 300 സ്‌പോര്‍ട്‌സിന് 12 ലക്ഷം രൂപയോളം വിലയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

റെഗുലര്‍ എക്‌സ്‌യുവി 300-ന്റെ ബിഎസ്6 പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. മികച്ച വില്‍പ്പനയുള്ള ഈ മോഡല്‍ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടിയാണ്. നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി  നിലനിർത്തിയിട്ടുണ്ട്. 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു. 

യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമാണ് മഹീന്ദ്ര എക്‌സ്‌യുവി300. ടാറ്റയുടെ നെക്‌സോണ്‍, അല്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അല്‍ട്രോസ് 29 പോയന്റും നെക്‌സോണ്‍ 25 പോയന്റും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മഹീന്ദ്രയുടെ ഈ നേട്ടത്തോടെ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ കരുത്തിന് കൂടുതല്‍ തെളിവായിരിക്കുകയാണ്. 2019 ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്.

Follow Us:
Download App:
  • android
  • ios