തിംഫു: ഭൂട്ടാനില്‍ ബുദ്ധസ്തൂപത്തെ ഇന്ത്യക്കാരന്‍ അപമാനിച്ച സംഭവത്തില്‍ ഭൂട്ടാന്‍ ജനതയോട് ക്ഷമാപണം നടത്തി മലയാളി ബൈക്ക് റൈഡേഴ്സ് കൂട്ടായ്മ. കൊച്ചി ആസ്ഥാനമാക്കി  പ്രവര്‍ത്തിക്കുന്ന ആര്‍ഇ ക്രൂസഡോസ് എന്ന ക്ലബ്ബിലെ അംഗങ്ങളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഭൂട്ടാനെ അപമാനിച്ച മഹാരാഷ്ട്ര സ്വദേശിക്ക് വേണ്ടി ക്ഷമാപണം നടത്തിയത്. മറ്റൊരു രാജ്യത്തെത്തി അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രവൃത്തി ഇന്ത്യക്കാരന്‍റെ ഭാഗത്ത് നിന്നുണ്ടായതില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ രാജ്യത്തിനു വേണ്ടി മാപ്പഭ്യര്‍ത്ഥിക്കുകയായിരുന്നു ഇവര്‍. 

ആര്‍ഇ ക്രൂസഡോസിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ക്ഷമാപണം നടത്തുന്നതിന്‍റെ വീഡിയോയും പോസ്റ്ററുകളും ഇവര്‍ പങ്കുവെച്ചു. നോര്‍ത്ത് ഈസ്റ്റ് യാത്രയുടെ ഭാഗമായി ഭൂട്ടാനിലെത്തിയതാണ് ആര്‍ഇ ക്രൂസഡോസ് ക്ലബ്ബിലെ ഏഴ് അംഗങ്ങള്‍. തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. ഭൂട്ടാന്‍ ജനതയ്ക്ക് ഇന്ത്യന്‍ റൈഡര്‍ സൃഷ്ടിച്ച ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസ്സിലാക്കിയ ഇവര്‍ ക്ഷമാപണം നടത്തുകയായിരുന്നെന്നും 
ഏതൊരു രാജ്യത്ത് എത്തുമ്പോഴും അവിടുത്തെ ആചാരമര്യാദകള്‍ പാലിക്കാനും അവയെ ബഹുമാനിക്കാനും പഠിക്കണമെന്നും സംഘാംഗമായ അന്‍സാര്‍ അക്ബര്‍ അലി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  മാപ്പ് അഭ്യര്‍ത്ഥിച്ചതോടെ ഭൂട്ടാനില്‍ നിന്നുള്ളവര്‍ അത് അംഗീകരിച്ചെന്നും വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കാര്യമറിഞ്ഞ് അഭിനന്ദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒക്ടോബര്‍ 18 -നാണ് മഹാരാഷ്ട്ര സ്വദേശിയായ അഭിജിത് രതന്‍ ഹാജരേ എന്ന ബൈക്ക് റൈഡര്‍ ഭൂട്ടാനിലെ ബുദ്ധക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറുകയും ദൊലൂച്ചയിലുള്ള ബുദ്ധസ്തൂപത്തിന് മുകളില്‍ ഏണി വെച്ച് കയറി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. ഭൂട്ടാനിലെ ആചാരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഇന്ത്യന്‍ റൈഡറുടെ പ്രവൃത്തി ഭൂട്ടാന്‍ ജനതയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഹാജരേയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെങ്കിലും തങ്ങളുടെ രാജ്യത്ത് എത്തിയ അതിഥിയായതിനാല്‍ പിന്നീട് ഇയാളെ വെറുതെ വിടുകയായിരുന്നു.