ഈ ബുക്കിംഗുകളിൽ പകുതിയും ശക്തമായ ഹൈബ്രിഡ് വേരിയന്‍റുകൾക്ക് വേണ്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അസാധാരണമായ ഇന്ധനക്ഷമതയോടുള്ള ഇന്ത്യയുടെ സ്ഥായിയായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ട്.   

2022 ജൂലൈ 11-നാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അതിന്‍റെ ഏറ്റവും പുതിയ ഓഫറായ ഗ്രാൻഡ് വിറ്റാര കോംപാക്ട് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചത്. ഏകദേശം മൂന്ന് ആഴ്ചകൾക്കുള്ളിൽ 20,000 ബുക്കിംഗുകൾ നേടിയെടുക്കാൻ ഗ്രാൻഡ് വിറ്റാരയ്ക്ക് കഴിഞ്ഞു. ഈ ബുക്കിംഗുകളിൽ പകുതിയും ശക്തമായ ഹൈബ്രിഡ് വേരിയന്‍റുകൾക്ക് വേണ്ടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് അസാധാരണമായ ഇന്ധനക്ഷമതയോടുള്ള ഇന്ത്യയുടെ സ്ഥായിയായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാൻഡ് വിറ്റാരയുടെ കരുത്തുറ്റ ഹൈബ്രിഡ് പതിപ്പ് 28 കിലോമീറ്റർ മൈലേജ് നൽകുമെന്ന് മാരുതി അവകാശപ്പെടുന്നു. ഇത് സെഗ്മെന്റിലെ ഡീസൽ എസ്‌യുവി എതിരാളികളേക്കാൾ മികച്ചതാണ്.

എന്തെല്ലാമെന്തെല്ലാം ഫീച്ചറുകളാണെന്നോ..; ഗ്രാൻഡ് വിറ്റാരയ്ക്ക് പനോരമിക് സൺറൂഫും!

മാരുതി സുസുക്കിയുടെ ആദ്യത്തെ സ്ട്രോങ് ഹൈബ്രിഡ് കാറാണ് ഗ്രാൻഡ് വിറ്റാര. ടൊയോട്ടയിൽ നിന്ന് ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ മാരുതി കടമെടുത്തിട്ടുണ്ട്. ടൊയോട്ടയുടെ ഗ്രാൻഡ് വിറ്റാരയുടെ പതിപ്പാണ് ഹൈറൈഡർ. സ്‌റ്റൈലിംഗിനും മറ്റ് ചില ചെറിയ വിശദാംശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രണ്ട് എസ്‌യുവികളും ഏതാണ്ട് സമാനമാണ്. 

പുതിയ ഗ്രാൻഡ് വിറ്റാര സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് പുതിയ എസ്-ക്രോസിനും ഉടൻ പുറത്തിറക്കാനിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിനും അടിസ്ഥാനമിടുന്നു. കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ടയുടെ ഉൽപ്പാദന കേന്ദ്രത്തിൽ ഓഗസ്റ്റ് മുതൽ പുതിയ എസ്‌യുവികളുടെ ഉൽപ്പാദനം ആരംഭിക്കും.

ഗ്രാൻഡ് വിറ്റാരയുടെ ശക്തമായ ഹൈബ്രിഡ് പവർട്രെയിനിൽ അറ്റ്കിൻസന്‍ 1.5 ലിറ്റർ TNGA പെട്രോൾ എഞ്ചിൻ അടങ്ങിയിരിക്കുന്നു. ലിഥിയം അയേൺ ബാറ്ററിയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ഇത് ജോടിയാക്കിയിരിക്കുന്നു. പെട്രോൾ എൻജിൻ 91 ബിഎച്ച്‌പി-122 എൻഎം ഉത്പാദിപ്പിക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർ 78 ബിഎച്ച്‌പി-144 എൻഎം പുറപ്പെടുവിക്കുന്നു. 114 ബിഎച്ച്പിയാണ് സംയോജിത ഔട്ട്പുട്ട്.

ഉണ്ടാക്കുന്നത് മാരുതിയും ടൊയോട്ടയും, ഒപ്പം സുസുക്കിയുടെ ഈ സംവിധാനവും; പുലിയാണ് ഗ്രാന്‍ഡ് വിറ്റാര!

സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിൻ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു. ഈ സജ്ജീകരണം കാറിന്‍റെ മുൻ ചക്രങ്ങളെ നയിക്കുന്നു. ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ സജ്ജീകരിച്ച ഗ്രാൻഡ് വിറ്റാരയുടെ മറ്റൊരു ഹൈലൈറ്റ്, എസ്‌യുവിയെ ഓൾ-ഇലക്‌ട്രിക് മോഡിൽ (ബാറ്ററി പവർ) ഏകദേശം 25 കിലോമീറ്റർ ഓടിക്കാൻ കഴിയും എന്നതാണ്. ചെറിയ നഗര യാത്രകൾക്കായി എസ്‌യുവി ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനായി മാറും.

സുസുക്കി ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റം (SHVS) മൈൽഡ് ഹൈബ്രിഡ് യൂണിറ്റുമായി ജോടിയാക്കിയ 1.5 ലിറ്റർ-4 സിലിണ്ടർ K15C പെട്രോൾ ആയ മൈൽഡ് ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഗ്രാൻഡ് വിറ്റാരയും വിൽക്കും. മൈൽഡ് ഹൈബ്രിഡ് പവർട്രെയിൻ 102 Bhp-135 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്നു, കൂടാതെ രണ്ട് ഗിയർബോക്‌സ് ഓപ്‌ഷനുകളുമുണ്ട്; ര് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ. മാനുവൽ ഗിയർബോക്‌സ് സജ്ജീകരിച്ച മൈൽഡ് ഹൈബ്രിഡ് വേരിയന്റിന് ഓൾ വീൽ ഡ്രൈവ് ലേഔട്ടും ലഭിക്കുന്നു. അതേസമയം ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ട് സ്റ്റാൻഡേർഡ് ആണ്. ഓൾ വീൽ ഡ്രൈവ് ലേഔട്ട് മികച്ച ഇൻ-ക്ലാസ് സവിശേഷതയാണ്. ഇത് ഗ്രാൻഡ് വിറ്റാരയെ എല്ലാത്തരം റോഡുകൾക്കും കാലാവസ്ഥകൾക്കും അനുയോജ്യമായ ഒരു എസ്‌യുവിയാക്കും.

എസ്‌യുവി 9 വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - 6 മോണോടോണും 3 ഡ്യുവൽ ടോണും. സ്‌പ്ലെൻഡിഡ് സിൽവർ, നെക്‌സ ബ്ലൂ, ഗ്രാൻഡിയർ ഗ്രേ, ആർട്ടിക് വൈറ്റ്, നെക്‌സ ബ്ലൂ, ചെസ്റ്റ്നട്ട് ബ്രൗൺ എന്നിവയാണ് മോണോടോൺ കളർ ഓപ്ഷനുകളിൽ. ബ്ലാക്ക് റൂഫുള്ള ഒപുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള ആർട്ടിക് വൈറ്റ്, ബ്ലാക്ക് റൂഫുള്ള സ്‌പ്ലെൻഡിഡ് സിൽവർ എന്നിവയാണ് ഡ്യുവൽ ടോൺ ഷേഡുകൾ.

പ്രത്യേക ഇവി മോഡും, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര സൂപ്പറാ..!

സെഗ്‌മെന്റിലെ ഏറ്റവും വലിയ പനോരമിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 6 എയർബാഗുകൾ, ഒന്നിലധികം ഡ്രൈവ് മോഡുകൾ, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, സ്‍മാര്‍ട്ട് പ്ലേ ടച്ച്‌സ്‌ക്രീൻ, സുസുക്കി കണക്റ്റോടുകൂടിയ ഇൻഫോടെയ്ൻമെന്റും എൽഇഡി ഹെഡ്‌ലാമ്പുകളും ഓഫറിലെ പ്രധാന സവിശേഷതകളാണ്. 2022 സെപ്റ്റംബറിലാണ് പുത്തന്‍ ഗ്രാന്‍ഡ് വിറ്റാരയുടെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.