Asianet News MalayalamAsianet News Malayalam

നിരത്തില്‍ ഏഴുലക്ഷം ബലേനോകള്‍

ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഏഴ് ലക്ഷം യൂണിറ്റ് ബലേനോകള്‍ വില്‍പ്പന പൂര്‍ത്തിയാക്കി.

Maruti Suzuki Baleno sales cross 7 lakh units
Author
Mumbai, First Published Feb 26, 2020, 9:17 PM IST

നിരത്തില്‍ കുതിച്ച് മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോ. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഏഴ് ലക്ഷം യൂണിറ്റ് ബലേനോകള്‍ വില്‍പ്പന പൂര്‍ത്തിയാക്കി. 2015 ഒക്‌ടോബറിലാണ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ജനുവരി അവസാനം വരെ ആകെ 7,20,733 യൂണിറ്റ് ബലേനോ വിറ്റുപോയി. ഇതില്‍ 6,16,867 യൂണിറ്റ് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളും 1,03,866 യൂണിറ്റ് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളും ഉള്‍പ്പെടുന്നു. 51 മാസങ്ങളിലായാണ് ഇത്രയും യൂണിറ്റ് ബലേനോ വിറ്റത്. വിപണിയില്‍ അവതരിപ്പിച്ചശേഷം പ്രതിമാസം ശരാശരി 13,860 യൂണിറ്റ് ബലേനോ വിറ്റുപോകുന്നു.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടിയ പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി സുസുകി ബലേനോ. മാത്രമല്ല, ഏഴ് ലക്ഷം യൂണിറ്റ് പിന്നിട്ട ആദ്യ പ്രീമിയം ഹാച്ച്ബാക്കായിരിക്കും ബലേനോ. ഇന്ത്യയിലെ വില്‍പ്പനകണക്കുകള്‍ പരിശോധിച്ചാല്‍, മാരുതി സുസുകിയുടെ മാച്ച് വിന്നറാണ് ബലേനോ എന്ന് കാണാന്‍ കഴിയും. രാജ്യത്തെ 200 ലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും 360 നെക്‌സ ഷോറൂമുകളിലൂടെയാണ് ബലേനോ വില്‍ക്കുന്നത്. ടാറ്റ അള്‍ട്രോസ്, ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ് എന്നിവയാണ് എതിരാളികള്‍.

കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും മാരുതി സുസുകി ബലേനോ വില്‍പ്പന വളര്‍ച്ച കൈവരിച്ചു. എന്നാല്‍ ഇന്ത്യന്‍ വാഹന വിപണിയിലെ തളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷം ബലേനോയുടെ വില്‍പ്പനയെയും ബാധിച്ചു. 2017 സാമ്പത്തിക വര്‍ഷം 170 ശതമാനം, 2018 ല്‍ 57 ശതമാനം, 2019 ല്‍ 11 ശതമാനം എന്നിങ്ങനെ വില്‍പ്പന വളര്‍ച്ച കൈവരിച്ച ബലേനോ നടപ്പു സാമ്പത്തിക വര്‍ഷത്തെ 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.58 ലക്ഷം മുതൽ 8.90 ലക്ഷം രൂപ വരെയാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില. ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios