Asianet News MalayalamAsianet News Malayalam

ഈ മാരുതി കാറുകള്‍ ഇനിയില്ല; നിര്‍മ്മാണം നിര്‍ത്തിയതിനു പിന്നിലെന്ത്?!

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് വാഹനത്തെ നീക്കം ചെയ്‍തു. വാഹനത്തിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് മാരുതി സുസുക്കി ഡീലര്‍മാര്‍ നിര്‍ത്തി

Maruti Suzuki Ciaz 1.5L Diesel Discontinued
Author
Mumbai, First Published Feb 19, 2020, 6:13 PM IST

മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്റ്റ് പ്രീമിയം സെഡാനുകളിലൊന്നാണ് സിയാസ്. വാഹനത്തിന്‍റെ ഡീസല്‍ വേരിയന്റുകളുടെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചതായാണ് പുതിയ വാര്‍ത്തകള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് സിയാസ് ഡീസല്‍ നീക്കം ചെയ്‍തു. സിയാസ് ഡീസല്‍ വേര്‍ഷന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് മാരുതി സുസുക്കി ഡീലര്‍മാര്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഭാരത് സ്റ്റേജ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന ഏപ്രില്‍ ഒന്നിന് മുമ്പായിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Maruti Suzuki Ciaz 1.5L Diesel Discontinued

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സിയാസ് ഡീസല്‍ വിറ്റിരുന്നത്. ഫിയറ്റിന്‍റെ 90 എച്ച്പി ഉല്‍പ്പാദിപ്പിച്ചിരുന്ന 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും മാരുതി സ്വന്തമായി വികസിപ്പിച്ചതും 95 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്നതുമായ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം ഈ വര്‍ഷം ആദ്യം ഫിയറ്റ് അവസാനിപ്പിച്ചിരുന്നു. 

മാരുതി സുസുക്കി സിയാസ് ഇനി 105 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടെ നല്‍കി. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. മാരുതി സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്നത് സിയാസ്, എര്‍ട്ടിഗ എന്നീ രണ്ട് മോഡലുകള്‍ക്ക് മാത്രമാണ്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഭാവിയില്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കുന്ന കാര്യം മാരുതി പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Maruti Suzuki Ciaz 1.5L Diesel Discontinued

സിയാസിന്‍റെ ബിഎസ് 6 പാലിക്കുന്ന പെട്രോള്‍ പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ബിഎസ് 6 സിയാസ് ലഭിക്കുന്നത്. മാരുതി സുസുക്കിയുടെ പതിനൊന്നാമത്തെ ബിഎസ് 6 മോഡലാണ് സിയാസ്. ഇതിനൊപ്പം പുതുതായി സിയാസ് എസ് എന്ന സ്‌പോര്‍ട്ടി വേരിയന്‍റും മാരുതി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകള്‍ കൂടാതെ ആണ് ഈ പുതിയ വേരിയന്‍റിന്‍റെ അവതരണം. 8.31 ലക്ഷം മുതല്‍ 11.09 ലക്ഷം രൂപ വരെയാണ് വഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകളുടെ വില 11,000 മുതല്‍ 22,000 രൂപ വരെ വര്‍ധിച്ചു. 10.08 ലക്ഷം രൂപയാണ് സിയാസ് എസ് വേരിയന്റിന് വില. ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 എച്ച്പി കരുത്ത് പുറപ്പെടുവിക്കും. സുസുകിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി.

ടോപ് സ്‌പെക് ആല്‍ഫ മാന്വല്‍ വേരിയന്റ് അടിസ്ഥാനമാക്കിയാണ് സിയാസ് എസ് വേരിയന്റ് നിര്‍മിച്ചിരിക്കുന്നത്. ഡുവല്‍ ടോണ്‍ സ്‌പോര്‍ട്ടി എക്‌സ്റ്റീരിയര്‍, വശങ്ങളിലും പിറകിലും ബോഡിയുടെ ചുവട്ടില്‍ കറുത്ത ക്ലാഡിംഗ്, ബൂട്ട് ലിഡില്‍ സ്ഥാപിച്ച കറുത്ത സ്‌പോയ്‌ലര്‍, ഒആര്‍വിഎം കവര്‍, ഫോഗ് ലാംപിന് അലങ്കാരം എന്നിവയോടെയാണ് സിയാസ് എസ് വരുന്നത്. മള്‍ട്ടി സ്‌പോക്ക് 16 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കി. സ്‌പോര്‍ട്ടി ഇന്റീരിയര്‍ പൂര്‍ണമായും കറുപ്പ് നിറത്തിലാണ്. എന്നാല്‍ ഡോര്‍ ട്രിമ്മിലും ഇന്‍സ്ട്രുമെന്റ് പാനലിലും സില്‍വര്‍ സാന്നിധ്യം കാണാം. സാധാരണ വേരിയന്റുകളുടെ കാബിനില്‍ ഇളം തവിട്ടുനിറത്തിലും കറുപ്പിലുമുള്ള ഡുവല്‍ ടോണ്‍ തീം തുടരും. സാങ്‌രിയ റെഡ്, പ്രീമിയം സില്‍വര്‍, പേള്‍ സ്‌നോ വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ സിയാസ് എസ് ലഭിക്കും.

Maruti Suzuki Ciaz 1.5L Diesel Discontinued

സിയാസ് പുറത്തിറങ്ങിയിട്ട് അടുത്തിടെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 2014 ഒക്ടോബറിലാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സിയാസ് ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ സ്വന്തം സെഗ്‌മെന്റില്‍ 30 ശതമാനത്തില്‍ കൂടുതലാണ് മാരുതി സുസുകി സിയാസിന്റെ വിപണി വിഹിതം. 2016-17, 2017-18, 2018-19 എന്നിങ്ങനെ മൂന്ന് തുടര്‍ച്ചയായ സാമ്പത്തിക വര്‍ഷങ്ങളില്‍ സെഗ്‌മെന്റ് ലീഡറായിരുന്നു സിയാസ്. സിയാസിന്റെ ആകെ വില്‍പ്പനയില്‍ 54 ശതമാനത്തിലധികം ആല്‍ഫ എന്ന ടോപ് വേരിയന്റാണെന്ന് മാരുതി സുസുകി പറയുന്നു. മാത്രമല്ല, സിയാസിന്റെ ആകെ വില്‍പ്പനയില്‍ 50 ശതമാനത്തിലധികം നടന്നത് മെട്രോ നഗരങ്ങളിലും ഒന്നാം നിര വിപണികളിലുമായിരുന്നു.

Maruti Suzuki Ciaz 1.5L Diesel Discontinued

Follow Us:
Download App:
  • android
  • ios