കൂടുതല്‍ ഉപഭോക്താക്കളെ ആകർഷിക്കാൻ കിടിലന്‍ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയും ആക്‌സിസ് ബാങ്കും കൈകോര്‍ത്താണ് മാരുതിയുടെ ഉപഭോക്താക്കള്‍ക്കായി അനായാസ വായ്‍പ ലഭ്യമാക്കാന്‍‌ ഒരുങ്ങുന്നത്. 

കുറഞ്ഞ ഇഎംഐ, കൂടുതല്‍ വായ്പ, കൂടുതല്‍ കാലാവധി തുടങ്ങിയ ഇളവുകളാണ് ഈ സഹകരണത്തിലൂടെ ആക്‌സിസ് ബാങ്ക് ഒരുക്കുന്നത്.  ലോണിന്റെ കാലാവധി കൂട്ടിയും മറ്റ് ഇളവുകളും നൽകി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 8 വർഷക്കാലത്തേക്ക് വാഹനത്തിന്റെ ഓൺറോഡ് വില പൂർണമായും വായ്പ ലഭിക്കും.

തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് വാഹനത്തിന്റെ വിലയുടെ 100 ശതമാനവും വായ്പയായി നല്‍കും. എട്ട് വര്‍ഷമായിരിക്കും ഈ വായ്പയുടെ കാലവധി. ഇതിനുപുറമെ, ഒരോ വര്‍ഷവും 10 ശതമാനം വീതം ഇഎംഐ കൂടുന്ന സ്‌റ്റെപ്പ് അപ്പ് ലോണും ബാങ്ക് നല്‍കുന്നുണ്ട്.

സ്റ്റെപ്പ് അപ്പ് ലോണിന്റെ കാലവധി ഏഴ് വര്‍ഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, അഞ്ച് വര്‍ഷം കൊണ്ട് അവസാനിക്കുന്ന ബലൂണ്‍ ഇഎംഐ പദ്ധതിയും ആക്‌സിസ് ബാങ്ക് നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ അവസാന ഇഎംഐ വായ്പ തുകയുടെ 25 ശതമാനമായിരിക്കും.

ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ മാസഗഡു വരുന്ന ആകര്‍ഷകമായ വായ്പയും മാരുതി-ആക്‌സിസ് ബാങ്ക് സഹകരണത്തില്‍ വരുന്നുണ്ട്. ആദ്യ മൂന്ന് മാസം ഒരുലക്ഷം രൂപയ്ക്ക് 899 രൂപയായിരിക്കും തിരിച്ചടവ്. ഈ പദ്ധതി ജൂലൈ 31 വരെയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.