Asianet News MalayalamAsianet News Malayalam

പ്രതിസന്ധിയില്‍ താങ്ങായി, ഇഗ്നിസിനെ കൂടുതല്‍ പരിഷ്‍കാരിയാക്കി മാരുതി

പ്രതിസന്ധി ഘട്ടത്തിലും തളരാതെ മികച്ച പ്രകടം കാഴ്‍ചവച്ച ഇഗ്നിസിന്‍റെ സീറ്റ വകഭേദത്തെ നവീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. 

Maruti Suzuki Update Ignis Zeta variant
Author
Mumbai, First Published Jul 25, 2020, 12:29 PM IST

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ ദില്ലി ഓട്ടോ ഷോയിലാണ് കമ്പനി അവതരിപ്പിച്ചത്.  രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പാണ് വാഹനം വിപണിയിൽ എത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിലും തളരാതെ മികച്ച പ്രകടം കാഴ്‍ചവച്ച ഇഗ്നിസിന്‍റെ സീറ്റ വകഭേദത്തെ നവീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തിയ ശേഷം പ്രീമിയം ഹാച്ച്ബാക്കിന് ലഭിക്കുന്ന ആദ്യ അപ്‌ഡേറ്റ് കൂടിയാണിത് എന്നതാണ് ശ്രദ്ധേയം.

ഫീച്ചറുകളാല്‍ സമ്പന്നമായ ആല്‍ഫ വകഭേദത്തിന് താഴെയാണ് സീറ്റ വകഭേദത്തിന്റെ സ്ഥാനം. 2-DIN ഓഡിയോ സിസ്റ്റത്തിന് പകരമായി ഇഗ്‌നിസ് സീറ്റയിലേക്ക് സ്റ്റാന്‍ഡേര്‍ഡായി ഫാക്ടറി ഘടിപ്പിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നിലധികം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്‍മാര്‍ട്ട് പ്ലേ സ്റ്റുഡിയോ സിസ്റ്റം. കൂടാതെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുമുണ്ട്. റിയര്‍ പാര്‍ക്കിംഗ് ക്യാമറ ഡിസ്‍പ്ലേയായി ഉപയോഗിക്കാന്‍ സാധിക്കും. അലോയ് വീലുകള്‍, സ്റ്റിയറിംഗ് മൗണ്ട് ഓഡിയോ കണ്‍ട്രോള്‍സ്, റിയര്‍ വൈപ്പര്‍, വാഷര്‍ എന്നിവയാണ് വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍. എന്നാല്‍ ടോപ്പ്-സ്‌പെക്ക് ഇഗ്‌നിസ് ആല്‍ഫ വകഭേദത്തില്‍ ലഭ്യമായ ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ വകഭേദത്തില്‍ ലഭ്യമല്ല. 

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പിന് 5.98 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ വകഭേദത്തില്‍ എഎംടി ഓപ്ഷനും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. 6.45 ലക്ഷം രൂപയാണ് എഎംടി പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. പഴയ പതിപ്പിനെക്കാള്‍ 9,000 രൂപയുടെ വര്‍ധനവാണ് പുതിയ ഈ വകഭേദത്തില്‍ ഉണ്ടായിരിക്കുന്നത്. 

ദില്ലി ഓട്ടോ എക്സ്‍പോയില്‍ പ്രദര്‍ശിപ്പിച്ച 2020 മാരുതി സുസുക്കി ഇഗ്നിസ് നിരവധി പ്രത്യേകതയോടെയാണ് എത്തുന്നത്. റീ-സ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും നാല് സ്ലോട്ടുകളുള്ള ഗ്രില്ലും മുൻവശത്തിന്റെ ആകർഷകമാക്കുന്നു. കാറിന് കമ്പനിയുടെ പുതിയ 7.0 ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ 2.0 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു പുതിയ MID യൂണിറ്റും ലഭിക്കുന്നു.

പുതിയ തരത്തിലുള്ള ബമ്പറുകൾ, സ്‍കഫ് പ്ലേറ്റുകൾ, ജിംനി എസ്‌യുവിയുടെ ഡിസൈനിലുള്ളതു പോലുള്ള മുൻവശത്തെ ഗ്രിൽ എന്നിവ രൂപത്തിലെ വ്യത്യാസങ്ങളാണ്. ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളർ ഓപ്ഷനുകൾ, കൂടുതൽ ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ എന്നിവ പുതിയ ഇഗ്നിസിനുണ്ടാകും. 

കൂടുതല്‍ മസ്‌കുലര്‍ ഭാവം കൈവരിച്ചതാണ് ഇഗ്നീസിന് രണ്ടാം വരവില്‍ മാറ്റമൊരുക്കുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നീസിലെ സ്‌റ്റൈലിഷാക്കുന്നു. ഹെഡ്‍ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 

പിന്‍വശത്തെ പ്രധാനമാറ്റം ബമ്പറിലാണ്. സ്‌കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകള്‍ നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് ബി-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലേക്ക് പറിച്ചുനട്ടിട്ടുണ്ട്.

അകത്തളങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. പക്ഷേ പഴയ ഇഗ്നിസിലെ 7 ഇഞ്ച് ടച്ച് സ്ക്രീൻ മാരുതിയുടെ ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിനു വഴിമാറി. പ്രീമിയം കാറുകളിലേതു പോലെ  വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഈ സിസ്റ്റത്തിനെ നിയന്ത്രിക്കാൻ സാധിക്കും.  സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.

സ്വിഫ്റ്റ്, ബലേനോ എന്നിവയിൽ ഉപയോഗിക്കുന്ന ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നീസിന്‍റെ ഹൃദയം. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നീ ട്രാന്‍സ്മിഷനുകളില്‍ ഇഗ്നീസ് എത്തുന്നുണ്ട്. ലൂസെന്റ് ഓറഞ്ച്, ടര്‍കോയിസ് എന്നീ രണ്ട് ഷെയ്ഡുകള്‍ ഉള്‍പ്പെടെ ആറ് നിറങ്ങളിലാണ് ഇഗ്നീസ് നിരത്തിലെത്തുന്നത്. 

മാരുതി സുസുക്കിയുടെ സ്റ്റൈലിഷ് മോഡലായിരുന്ന റിറ്റ്സിനു പകരക്കാരനായി 2017-ലാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ മാരുതി അവതരിപ്പിച്ചത്. 2019 മോഡല്‍ വാഹനത്തെ കഴിഞ്ഞ ഫെബ്രുവരിലും അവതരിപ്പിച്ചു. ഈ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. ക്രോസ് ഓവര്‍ ഹാച്ച്ബാക്കുകളായ ഐ20 ആക്ടീവ്, ഹോണ്ട ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങളാണ് ഇന്ത്യയില്‍ ഇഗ്നീസിന്റെ പ്രധാന എതിരാളികള്‍.   

Follow Us:
Download App:
  • android
  • ios