ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് എഎംജി ജിഎൽഇ 53-യെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ഇതുവരെ വില്പനയിലുണ്ടായിരുന്ന ആദ്യ തലമുറ ജിഎൽഇ 43 കൂപെയുടെ പകരക്രനാണ് പുതുതായി വില്പനക്കെത്തിയ മെഴ്‌സിഡസ്-എഎംജി ജിഎൽഇ 53 കൂപെ 4മാറ്റിക് + എന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.20 കോടി ആണ് പുത്തൻ എഎംജി മോഡലിന്റെ എക്‌സ്-ഷോറൂം വില. മെഴ്‌സിഡസ്-എഎംജി ജിഎൽഇ 53 കൂപെ 4മാറ്റിക് + ഇന്ത്യയിൽ എഎംജി 53 ശ്രേണിയിൽ ആദ്യമെത്തുന്ന മോഡൽ ആണ്. വിപണിയിൽ ബിഎംഡബ്ള്യു എക്‌സ്6 എം, പോർഷ കയേൻ കൂപെ എന്നിവയാണ് ജിഎൽഇ 53 കൂപെയുടെ എതിരാളികൾ. എമറാൾഡ് ഗ്രീൻ, ബ്രില്ലിയന്റ് ബ്ലൂ , കാവൻസൈറ്റ് ബ്ലൂ, ഹ്യസിന്ത റെഡ്, മോഹാവേ സിൽവർ, ഒബ്‌സിഡിൻ ബ്ലാക്ക്, പോളാർ വൈറ്റ്, സെലേനൈറ്റ് ഗ്രേ എന്നീ നിറങ്ങളിൽ ജിഎൽഇ 53 കൂപെ വാങ്ങാം.

5.3 സെക്കന്റ് മാത്രം മതി എഎംജി ജിഎൽഇ 53 കൂപെയ്ക്ക് പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ. മണിക്കൂറിൽ 250 കിലോമീറ്റർ ആണ് പരമാവധി വേഗത. 3.0 ലിറ്റർ, ഇൻ-ലൈൻ, ആറ് സിലിണ്ടർ, ട്വിൻ-ടർബോ പെട്രോൾ എൻജിനാണ് എഎംജി ജിഎൽഇ 53 കൂപെയുടെ ഹൃദയം. 435 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന എൻജിൻ ആണ് ഇത്. ഈ എൻജിൻ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം ഇത് കാര്യമായി ആക്സിലറേറ്റ് ചെയ്യുന്ന സമയത്ത് 22 എച്ച്പി പവറും 250 എൻഎം ടോർക്ക് അധികം നൽകുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മെഴ്‌സിഡസിന്റെ 4 മാറ്റിക്+ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും എൻജിനിൽ നിന്നുള്ള പവർ കൈമാറുന്നു.

പുതിയ എഎംജി ജിഎൽഇ 53 കൂപെയ്ക്ക് ജിഎൽഇ 43 കൂപെയെക്കാൾ 20 എംഎം വീൽബേസ് കൂടുതലാണ്. ഒഴുകിയിറങ്ങുന്ന റൂഫ്, വ്യത്യസ്തമായ പിൻ വശവും, ഇന്റഗ്രേറ്റഡ് സ്പോയ്ലറും ചേരുമ്പോൾ ജിഎൽഇ 53 കൂപെയുടെ കൂടുതൽ ആകർഷകമാക്കുന്നു. 21-ഇഞ്ച് അലോയ് വീലുകൾ, കുത്തനെയുള്ള സ്ലാറ്റുകളുള്ള പാൻഅമേരിക്ക ഗ്രിൽ, ഫെൻഡറിൽ ടർബോ ബാഡ്ജിങ്, എഎംജി സ്പെക് എക്സ്ഹോസ്റ്റ് എന്നിവയാണ് ഈ മോഡലിലെ മറ്റുള്ള ഫീച്ചറുകൾ.