Asianet News MalayalamAsianet News Malayalam

എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ച് മേഴ്‌സിഡസ് ബെന്‍സ്

പുതിയ എൻട്രി ലെവൽ സെഡാനായ എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ച് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ്

Mercedes benz a class limousine
Author
Mumbai, First Published Feb 28, 2020, 8:26 PM IST

പുതിയ എൻട്രി ലെവൽ സെഡാനായ എ-ക്ലാസ് ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ച് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സ്. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. 

നിലവില്‍ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായ മേഴ്‍സിഡസ് ബെൻസ് എ-ക്ലാസ് ലിമോസിൻ അടുത്തിടെ സമാപിച്ച 2020 ദില്ലി ഓട്ടോ എക്സ്പോയിലൂടെയാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ജർമ്മൻ ആഢംബര വാഹന നിർമാതാക്കളുടെ നിരയിലെ സി-ക്ലാസിന് താഴെയായാകും സെഡാൻ ഇടംപിടിക്കുക.

ഇന്ത്യയില്‍ ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. എഎംജി വേര്‍ഷനിലും ലഭിക്കും. മെഴ്‌സേഡസ് ബെന്‍സ് സിഎല്‍എയുടെ താഴെയാണ് വാഹനത്തിന്‍റെ സ്ഥാനം. 
 
മുന്നില്‍ ഷാര്‍പ്പ് ലുക്കിംഗ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുരികത്തിന് സമാനമായ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, എല്‍ഇഡി ടേണ്‍ ലൈറ്റുകളോടു കൂടിയ പുതിയ പുറം കണ്ണാടികള്‍ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു. 

എ-ക്ലാസ് 5 ഡോര്‍ ഹാച്ച്ബാക്കിന്റെ അതേ വീല്‍ബേസ് (2,729 മില്ലിമീറ്റര്‍) എ-ക്ലാസ് 4 ഡോര്‍ നോച്ച്ബാക്കിന് ലഭിച്ചു. മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവര്‍ഹാംഗുകളോടെ കോംപാക്റ്റ് സെഡാന്റെ അനുപാതങ്ങളാണ് നല്‍കിയത്. സ്‌പോര്‍ട്ടിയായ ഇരട്ട 5 സ്‌പോക്ക് അലോയ് വീലുകളിലാണ് (16 മുതല്‍ 19 ഇഞ്ച് വരെ) മെഴ്‌സേഡസ് ബെന്‍സ് എ-ക്ലാസ് വരുന്നത്.

എ-ക്ലാസ് ഹാച്ച്ബാക്കിന്റെയും സെഡാന്റെയും കാബിനുകള്‍ വളരെ സമാനമാണ്. ഡാഷ്‌ബോര്‍ഡ് നന്നായി സജ്ജീകരിച്ചു. പൂര്‍ണ ഡിജിറ്റലായ വലിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കി. റോട്ടോറിന് സമാനമായ ക്രോം എസി വെന്റുകള്‍, പുതിയ മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വളയം, പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിച്ച സ്മാര്‍ട്ട് ലുക്കിംഗ് സെന്റര്‍ കണ്‍സോള്‍ എന്നിവ ഡാഷ്‌ബോര്‍ഡില്‍ കാണാം. 

കൃത്രിമബുദ്ധി സഹിതം എംബിയുഎക്‌സ് മള്‍ട്ടിമീഡിയ സിസ്റ്റം സവിശേഷതയായിരിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് പോയിന്‍റുകള്‍ എന്നിവ ഫീച്ചറുകളായിരിക്കും. നിലവില്‍ ആഗോളതലത്തില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മെഴ്‌സേഡസ് സെഡാനാണ് എ-ക്ലാസ് ലിമോസിന്‍. 

അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യയിൽ 10 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് മേഴ്‌സിഡസ് ബെന്‍സ് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പട്ടികയിലെ ആദ്യത്തെ മോഡലായിരുന്നു കഴിഞ്ഞ മാസം അവതരിപ്പിച്ച GLE LWB എസ്‌യുവി. ഈ നിരയിലെ രണ്ടാമത്തെ വാഹനമാണ് എ-ക്ലാസ് ലിമോസിൻ. അതോടൊപ്പം പരിഷ്ക്കരിച്ച മേഴ്‌സിഡസ് ബെന്‍സ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി മാർച്ച് മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കാനിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios