2026 ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന എംജി മജസ്റ്റർ എന്ന പുതിയ മൂന്ന്-വരി എസ്‌യുവിയുടെ ടീസർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ D+ എസ്‌യുവി എന്ന് വിശേഷിപ്പിക്കുന്ന ഇത്, സെഗ്‌മെന്റിലെ ഏറ്റവും വലുപ്പമേറിയ വാഹനമായിരിക്കും
2026 ഫെബ്രുവരി 12 ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന മൂന്ന്-വരി എസ്‌യുവിയായ മജസ്റ്റർ ഇന്ത്യയുടെ ഔദ്യോഗിക ടീസർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ D+ എസ്‌യുവിയാണ് ഇത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതും വീതിയുള്ളതും ഉയരമുള്ളതുമായ അളവുകൾ ഇതിൽ ഉൾപ്പെടുന്നു.
കരുത്തുറ്റ ഡിസൈൻ
മജസ്റ്റിക് മാട്രിക്സ് കോമ്പിനേഷൻ ഗ്രിൽ, ഷാർപ്പായിട്ടുള്ള ഫാൽക്കൺ-ടൈപ്പ് ഡിആർഎൽ (ഡേടൈം റണ്ണിംഗ് ലാമ്പുകൾ), ആധുനിക സ്പ്ലിറ്റ്-സ്റ്റൈൽ ഹെഡ്‌ലാമ്പുകൾ എന്നിവയാൽ പൂരകമാകുന്ന എസ്‌യുവിയുടെ കമാൻഡിംഗ് ഡിസൈൻ ഭാഷ ടീസർ പ്രദർശിപ്പിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, കൂറ്റൻ ബോഡി ക്ലാഡിംഗ്, അഞ്ച്-സ്‌പോക്ക് 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കറുത്ത റൂഫ് റെയിലുകളും ഡോർ ഹാൻഡിലുകളും, ഇരുവശത്തും എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവയും എംജി മജസ്റ്ററിൽ ഉണ്ടാകും. എന്നിരുന്നാലും, ബോണറ്റിലെ ഷീറ്റ് മെറ്റൽ, ഫെൻഡറുകൾ, വാതിലുകൾ എന്നിവ ഗ്ലോസ്റ്ററിന് സമാനമായിരിക്കും.
ഇന്‍റീരിയറും സവിശേഷതകളും
പ്രീമിയം പൊസിഷനിംഗ് കണക്കിലെടുക്കുമ്പോൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12-സെപ്പക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ്‌മെന്റുള്ള ഹീറ്റഡ്, കൂൾഡ്, മസാജിംഗ് ഡ്രൈവർ സീറ്റ്, ഹീറ്റഡ് പാസഞ്ചർ സീറ്റ്, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി ക്യാമറകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS തുടങ്ങി നിരവധി നൂതന സവിശേഷതകൾ എം മജസ്റ്ററിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എഞ്ചിനും ഗിയർബോക്സും
പവറിൽ, എംജി മജസ്റ്ററിൽ ഗ്ലോസ്റ്ററിന്റെ 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 216 ബിഎച്ച്പി പവറും 479 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്, അതേസമയം ഒരു എഡബ്ല്യുഡി (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം സ്റ്റാൻഡേർഡായി വരും.
മത്സരവും വിലനിർണ്ണയവും
ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈൻ തുടങ്ങിയ എതിരാളികളുമായി മത്സരിക്കാനൊരുങ്ങുന്ന മജസ്റ്ററിന് ഏകദേശം 39.50 ലക്ഷം രൂപ മുതൽ 44 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.


