മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രസ്‍താവനയുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി. ജോലി ചെയ്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോട് തന്നെ പറയേണ്ടി വരുമെന്ന് ഗഡ്‍കരി പറഞ്ഞു. ഉദ്യോഗസ്ഥരോട് താന്‍ ഇങ്ങനെ പറഞ്ഞതായി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. 

ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടയിലാണ് റോഡ്-ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തന്‍റെ കടുത്ത പ്രസ്‍താവനയെപ്പറ്റി മന്ത്രി വിശദമാക്കിയത്.

"ഉദ്യോഗസ്ഥരോട് ഞാന്‍ പറഞ്ഞു. നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന കാര്യം മറക്കരുത്.  എന്നാല്‍ എന്‍റെ കാര്യം അങ്ങനെയല്ല. എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. എനിക്ക് അവരോട് ഉത്തരം പറയേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ അഴിമതി കാണിച്ചാല്‍ നിങ്ങള്‍ കള്ളന്‍മാരാണെന്ന് എനിക്ക് പറയേണ്ടി വരും. ചില പ്രശ്‌നങ്ങള്‍ എട്ട് ദിവസത്തിനകം പരിഹരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഞാന്‍ ആ യോഗത്തില്‍ നല്‍കി. അല്ലാത്തപക്ഷം നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കാനും ജനങ്ങളോട് പറയേണ്ടി വരും.  നീതി ഉറപ്പാക്കാത്ത സംവിധാനങ്ങൾ വലിച്ചെറിയേണ്ടി വരും. ഗുരുക്കൻമാർ പഠിപ്പിച്ചത് അതാണ്.." ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍. 

കണ്‍വന്‍ഷനിലെ പ്രസംഗം തുടരുന്നതിനിടെ എന്തിനാണ് കൈക്കൂലി വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ വ്യവസായ ശാലകളില്‍ പരിശോധനക്കത്തുന്നതെന്നും എന്തിനാണ് അനാവശ്യ നടപടികളെന്നും മന്ത്രി ചോദിച്ചു. കണ്‍വന്‍ഷനില്‍ പങ്കെടുത്ത സംരംഭകരോട് ഭയപ്പെടാതെ വ്യവസായം വിപുലീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.