കൊല്ലം: സ്‍കൂൾ വിടുന്ന സമയങ്ങളിൽ കാതടപ്പിക്കുന്ന ശബ്‍ദത്തോടെ മിന്നൽ വേഗത്തില്‍ പറന്നിരുന്ന ബൈക്കിനെ ഏറെക്കാലത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. സ്‍മൂത്ത് ക്രിമനല്‍ എന്ന് പേരുള്ള ബൈക്കിനെയും ബൈക്കുടമ കടവൂർ സ്വദേശിയായ ജീനിനെ(24)യുമാണ് അഞ്ചാലുംമൂട് പൊലീസ് പൊക്കിയത്. 

സിനിമാ സ്റ്റൈലില്‍ ബൈക്കിനെ പിന്തുടര്‍ന്നാണ് പൊലീസ് യുവാവിനെ പിടികൂടിയത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ന്യൂജൻ ബൈക്കിന്റെ പേരുമാറ്റി സ്മൂത്ത് ക്രിമിനൽ എന്നാണ് പേരു നൽകിയിട്ടുള്ളത്. മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ അകത്തേക്ക് മടക്കി വച്ച നിലയിലായിരുന്നു. ഇതിനായി ബൈക്കില്‍ കാന്തം ഘടിപ്പിച്ചിരുന്നു. 

ഏറെ നാളായി പൊലീസ് ഈ ബൈക്ക് തിരഞ്ഞു വരികയായിരുന്നു. പിടികൂടി വണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുഴുവൻ പാർട്സുകളും രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയത്. മോട്ടോർ വാഹനവകുപ്പിനെയും പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. 

അപകടത്തിനിടയാക്കും വിധം വാഹനത്തിന് രൂപമാറ്റം വരുത്തിയതിനും അപകടകരമാം വിധം വാഹനം ഓടിച്ചതിനും ബൈക്ക് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.