2020 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി എന്ന പേര് സ്വന്തമാക്കി  മാരുതി സുസുക്കി എർട്ടിഗ. കഴിഞ്ഞ മാസം 2,353 യൂണിറ്റ് എംപിവിയാണ് കമ്പനി വിറ്റഴിച്ചത് . എന്നാൽ 2019 മെയ് മാസത്തെ അപേക്ഷിച്ച് വില്‍പ്പന ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസം 8,864 യൂണിറ്റ് വിൽപ്പന ഈ വാഹനം നേടിയിരുന്നു.  മഹീന്ദ്ര ബൊലേറോ മെയ് മാസത്തിൽ 1,715 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തി. 931 യൂണിറ്റുമായി റെനോയുടെ ട്രൈബര്‍ ആണ് മൂന്നാം സ്ഥാനത്ത്. 

എംപിവി വിപണിയിലെ രാജാവായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെറും 759 യൂണിറ്റ് ഇന്നോവകള്‍ മാത്രമാണ് ടൊയോട്ടയ്ക്ക് മെയ് മാസത്തില്‍ വില്‍ക്കാന്‍ സാധിച്ചത്. 2019 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 87 ശതമാനമാണ് ഇന്നോവയുടെ വില്‍പ്പന ഇടിവ്. 

നിലവിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി മാരുതി സുസുക്കി എർട്ടിഗ ലഭ്യമാണ്.  അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും വാഗ്ദാനം ചെയ്യുന്നു. ഇതേ എഞ്ചിൻ-ഗിയർബോക്‌സ് കോംബോ മാരുതി സുസുക്കി എക്‌സ്‌എൽ 6 ലും നൽകിയിട്ടുണ്ട്.

2019- 20 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) എന്ന പേര് അടുത്തിടെയാണ് എര്‍ട്ടിഗ  സ്വന്തമാക്കിയത്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. 

അടുത്തിടെയാണ് എര്‍ട്ടിഗയ്ക്ക് മാരുതി സ്‍മാർട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം നല്‍കിയത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ,  ബ്ലൂടൂത്ത് കണക്ടിവിറ്റി,  ഓക്സിലറി ഇൻ,  യുഎസ്ബി പോർട്ട്, മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം മുതലായവ ഈ സിസ്റ്റത്തിൽ മാരുതി ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു ചില ആപ്ലിക്കേഷനുകൾ കൂടി ഈ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നതാണ്.

മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.

2019- 20 സാമ്പത്തിക വര്‍ഷം 90,547 യൂണിറ്റ് മാരുതി സുസുകി എര്‍ട്ടിഗയാണ് വിറ്റുപോയത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 65,263 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കൈവരിച്ചത് 39 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച.

ഇതേ കാലയളവില്‍ എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 31 ശതമാനം ഇടിവാണ് നേരിട്ടത്. 2018- 19 സാമ്പത്തിക വര്‍ഷം 77,924 യൂണിറ്റ് ഇന്നോവ ക്രിസ്റ്റ വിറ്റപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53,686 യൂണിറ്റായി കുറഞ്ഞു.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ എര്‍ട്ടിഗ, പ്രീമിയം സഹോദരനായ എക്‌സ്എല്‍6 എന്നീ രണ്ട് മോഡലുകളും ചേര്‍ത്ത് ആകെ 1,12,664 യൂണിറ്റ് വില്‍പ്പന നടത്താന്‍ മാരുതിക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22,117 യൂണിറ്റ് മാരുതി സുസുകി എക്‌സ്എല്‍6 വിറ്റുപോയി.