ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിർമ്മാതാക്കളായ എം വി അഗസ്‍ത പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ സൂപ്പർ ബൈക്കുകൾക്ക് വൻ മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. കമ്പനി ആരംഭിച്ച് എഴുപത്തഞ്ച് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ബൈക്കുകളുടെ അവതരണം. 

സൂപ്പർവെലോസ് ആൽഫൈൻ എന്ന പേരിലാണ് എം.വി. അഗസ്തയുടെ ആനിവേഴ്സറി എഡിഷൻ സൂപ്പർ ബൈക്ക് പുറത്തിറങ്ങിയത്. ഫ്രഞ്ച് സ്പോർട്സ് കാർ നിർമാതാക്കളായ ആൽഫൈനുമായി സഹകരിച്ച് 110 യൂണിറ്റ് സ്പെഷ്യൽ എഡിഷൻ സൂപ്പർവെലോസ് ആൽഫൈനാണ് നിർമിച്ചത്.

സ്പോർട്സ് ബൈക്കുകളുടെ രൂപകൽപ്പനയോട് നീതി പുലർത്തുന്ന ഡിസൈനിലാണ് സൂപ്പർവെലോസ് ആൽഫൈനും ഒരുങ്ങിയിട്ടുള്ളത്. ഇഗ്നീഷൻ സ്വിച്ചിന് സമീപത്തായി വാഹനത്തിന്റെ യൂണിറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർവെലോസ് ബൈക്കുകളായ എഫ് 3 800 ൽ നിന്ന് ഉരുത്തിരിഞ്ഞ 798 സിസി, ഇൻലൈൻ ത്രീ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് സൂപ്പർവെലോസ് ആൽപൈൻ ഉപയോഗിക്കുന്നത്. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോർ 13,000 ആർപിഎമ്മിൽ 145 ബിഎച്ച്പി കരുത്തും 10,100 ആർപിഎമ്മിൽ 88 എൻഎമ്മും ഉത്പാദിപ്പിക്കും. 13,250 ആർ‌പി‌എമ്മിൽ‌ റേസിംഗ് കിറ്റ് പരമാവധി ഔട്ട്പുട്ട് 151 ബിഎച്ച്പിയിലേക്ക് ഉയർത്തും. സ്ലിപ്പർ ക്ലച്ച്, ദ്വിദിശ ക്വിക്ക് ഷിഫ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ.